ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ സുരക്ഷയും പിന്‍വലിച്ചു; പണി തുടങ്ങി ജഗന്‍

ചന്ദ്രബാബു നായിഡുവിന്റെ മകനും മുന്‍മന്ത്രിയുമായ നരലോകേഷിനുണ്ടായിരുന്ന സെഡ് കാറ്റഗറി പിന്‍വലിച്ചു
ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ സുരക്ഷയും പിന്‍വലിച്ചു; പണി തുടങ്ങി ജഗന്‍

ഹൈദരബാദ്: ആന്ധ്രയില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുരക്ഷാ  സംവിധാനങ്ങള്‍ പിന്‍വലിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍.  ചന്ദ്രബാബു നായിഡുവിന്റെ മകനും മുന്‍മന്ത്രിയുമായ നരലോകേഷിനുണ്ടായിരുന്ന സെഡ് കാറ്റഗറി പിന്‍വലിച്ചു. പകരം രണ്ട് സെക്യൂരിറ്റി ഗാര്‍ഡിന്റെയും രണ്ട് ഗണ്‍മാന്‍മാരുടെയും സുരക്ഷയും മാത്രം മതിയെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

നേരത്തെ നരലോകേഷിന്റെ സുരക്ഷയ്ക്കായി പത്തുപേരാണ് ഉണ്ടായിരുന്നത്. കൂടാതെ നായിഡുവിന്റെ കുടുംബത്തിന് ലഭിച്ചിരുന്ന സുരക്ഷാ ആനുകൂല്യങ്ങളും ഒഴിവാക്കി. ചന്ദ്രബാബു നായിഡു ഇപ്പോള്‍ മുഖ്യമന്ത്രിയല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സുരക്ഷയുടെ ആവശ്യവുമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

കഴിഞ്ഞയാഴ്ച മുന്‍പ് ചന്ദ്രബാബു നായിഡു വിമാനത്താവളത്തിലെത്തിയപ്പോള്‍ സാധാരണ യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു.വിമാനത്തിലേയ്ക്ക് വിഐപികള്‍ക്കുള്ള വാഹനവും നിഷേധിച്ചിരുന്നു. സാധാരണ യാത്രക്കാര്‍ക്കുള്ള ബസില്‍ കയറിയാണ് ചന്ദ്രബാബു നായിഡു എത്തിയത്. അംഗരക്ഷകരെ വിമാനം വരെ അനുഗമിക്കാനും അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് കുടുംബത്തിനുള്ള സുരക്ഷയും പിന്‍വലിക്കുന്നത്.

കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതിയും പൊളിക്കാന്‍ ജഗമോഹന്‍ റെഡ്ഡി ഉത്തരവിട്ടിരുന്നു. നായിഡുവിന്റെ ഔദ്യോഗിക വസതി അനധികൃത നിര്‍മാണമെന്നും കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നും ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കി. നായിഡുവിന്റെ വീടിനോട് ചേര്‍ന്നുള്ള പ്രജാവേദിക ഓഫിസ് കെട്ടിടം പൊളിക്കാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. അമരാവതിയിലെ  ഔദ്യോഗിക വസതിയോട് ചേര്‍ന്നായിരുന്നു നായിഡു പ്രജാ വേദികെ എന്ന കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ടി ഡി പി നേതാക്കള്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com