തട്ടുകടക്കാരന്റെ വാര്‍ഷിക വരുമാനം 60 ലക്ഷത്തിലേറെയെന്ന് ആദായനികുതി വകുപ്പ് , നോട്ടീസ് ; അമ്പരന്ന് കടയുടമ

മുകേഷിന്റെ വരവ് ചെലവുകളെല്ലാം പരിശോധിച്ചെന്നും, അദ്ദേഹം നികുതി അടയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അധികൃതര്‍
തട്ടുകടക്കാരന്റെ വാര്‍ഷിക വരുമാനം 60 ലക്ഷത്തിലേറെയെന്ന് ആദായനികുതി വകുപ്പ് , നോട്ടീസ് ; അമ്പരന്ന് കടയുടമ

അലിഗഡ് : ഉത്തര്‍പ്രദേശിലെ അലിഗഡിലെ തട്ടുകട കടക്കാരന്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ് കണ്ട് അമ്പരന്നിരിക്കുകയാണ്. അലിഗഡില്‍ 'കചോരി' സ്റ്റാള്‍'  എന്ന പേരിൽ വട വിൽപ്പനക്കട നടത്തുന്ന മുകേഷിനാണ് ആദായനികുതി വകുപ്പ് ടാക്‌സ് അടക്കാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയത്. 

അലിഗഡില്‍ സീമാ സിനിമാ തിയേറ്ററിനോട് ചേര്‍ന്നാണ് 'മുകേഷ് കചോരി' എന്ന തട്ടുകട സ്ഥിതി ചെയ്യുന്നത്. 'കചോരി', സമൂസ എന്നിവയാണ് ഇവിടുത്തെ പ്രധാന പലഹാരങ്ങള്‍. രാവിലെ ആരംഭിക്കുന്ന കടയില്‍ രാത്രി വരെ തിരക്കാണ്. 

ഇതില്‍ അസൂയപൂണ്ട് ആരോ വാണിജ്യ നികുതി വകുപ്പിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മുകേഷിന്റെ കടയ്ക്ക് സമീപത്തെ കടയിലിരുന്ന് മുകേഷിന്റെ കച്ചവടം നിരീക്ഷിച്ചു. 

തുടര്‍ന്ന് മുകേഷിന് 60 ലക്ഷം മുതല്‍ ഒരു കോടി വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നതായി നികുതി വകുപ്പ് കണക്കുകൂട്ടുകയായിരുന്നു. നികുതി അടയ്ക്കണമെന്നും, ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. 

നോട്ടീസ് കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് കടയുടമയായ മുകേഷ്. കഴിഞ്ഞ 12 വര്‍ഷമായി കട നടത്തുന്നു. നികുതി അടയ്ക്കണമെന്നോ, ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നോ ആരും പറഞ്ഞിട്ടില്ല. തങ്ങള്‍ സാധാരണക്കാരാണെന്നും, ഉപജീവനത്തിനായാണ് കചോരി കട നടത്തുന്നതെന്നും മുകേഷ് പറയുന്നു.

മുകേഷിന്റെ വരവ് ചെലവുകളെല്ലാം പരിശോധിച്ചെന്നും, അദ്ദേഹം നികുതി അടയ്ക്കുകയും ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ടാക്‌സ് വകുപ്പ് അധികൃതര്‍. 40 ലക്ഷത്തിലേറെ വരുമാനം ഉള്ളവര്‍ നികുതി അടക്കണമെന്ന്, കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന സ്റ്റേറ്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com