രാഹുല്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കും; പിന്‍ഗാമിയെ കണ്ടെത്താന്‍ സാധിക്കാതെ കുഴഞ്ഞ് ഹൈക്കമാന്‍ഡ് 

അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു
രാഹുല്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കും; പിന്‍ഗാമിയെ കണ്ടെത്താന്‍ സാധിക്കാതെ കുഴഞ്ഞ് ഹൈക്കമാന്‍ഡ് 

ന്യൂഡല്‍ഹി: അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു. അധ്യക്ഷപദവിയില്‍ തുടരണമെന്ന് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ പദവിയില്‍ നിന്ന് ഒഴിയുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഇതോടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ ആളെ കണ്ടെത്താനോ, രാഹുലിന്റെ മനസ്സ് മാറ്റാനോ കഴിയാതെ ത്രിശങ്കു സ്വര്‍ഗത്തിലാണ് ഹൈക്കമാന്‍ഡ്.

സമീപകാലത്ത് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ കരകയറുമെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ, കഴിഞ്ഞ 25നു പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണു സ്ഥാനമൊഴിയാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചത്.

പാര്‍ട്ടിയെ നയിക്കാന്‍ ഇനിയില്ലെന്നു തുറന്നടിച്ച രാഹുല്‍ ഒരു മാസത്തിനകം പിന്‍ഗാമിയെ കണ്ടെത്താന്‍  നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.ഒരു മാസത്തെ സമയപരിധി അവസാനിച്ചിട്ടും രാഹുലിന്റെ മനസ്സു മാറ്റാനോ പിന്‍ഗാമിയെ കണ്ടെത്താനോ ആകാതെ, ഇരുട്ടില്‍ തപ്പുകയാണ് നേതൃത്വം. 

അധ്യക്ഷ പദവിയില്‍ തുടരുന്നതിനു രാഹുലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രവര്‍ത്തക സമിതി വീണ്ടും വിളിച്ചുചേര്‍ക്കുന്നതു പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.എന്നാല്‍, ഇനി താനില്ലെന്നു രാഹുല്‍ തീര്‍ത്തു പറഞ്ഞ സാഹചര്യത്തില്‍, യോഗം വിളിച്ചാലും പ്രയോജനം ചെയ്‌തേക്കില്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനൗദ്യോഗിക തലത്തില്‍, പാര്‍ട്ടിക്കുള്ളില്‍ വിവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. 

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി വരുംദിവസങ്ങളില്‍ രാഹുല്‍ ചര്‍ച്ചയ്ക്കു തയാറായതു പാര്‍ട്ടിക്കു നേരിയ പ്രതീക്ഷ നല്‍കുന്നു. സംഘടനാകാര്യങ്ങളില്‍ രാഹുല്‍ സജീവമായാല്‍, അദ്ദേഹത്തിന്റെ മനസ്സുമാറ്റുന്നത് എളുപ്പമാകുമെന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ഡല്‍ഹി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ 28നു കാണും. രാജിസന്നദ്ധത അറിയിച്ചതിനു പിന്നാലെ, ഷീലയെ കാണാന്‍ രാഹുല്‍ മുന്‍പ് വിസമ്മതിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com