17 സംസ്ഥാനങ്ങളില്‍ ഒരൊറ്റ സീറ്റു പോലും ഇല്ല, എന്നിട്ടും അഹങ്കാരം; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി 

കോണ്‍ഗ്രസും സഖ്യകക്ഷികളും പരാജയപ്പെട്ടതോടെ രാജ്യം തോറ്റൂ എന്ന രീതിയില്‍  പ്രചാരണം നടത്തുന്നത് ജനാധിപത്യവിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
17 സംസ്ഥാനങ്ങളില്‍ ഒരൊറ്റ സീറ്റു പോലും ഇല്ല, എന്നിട്ടും അഹങ്കാരം; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി 

ന്യൂഡല്‍ഹി: കോണ്‍ഗ്രസും സഖ്യകക്ഷികളും പരാജയപ്പെട്ടതോടെ രാജ്യം തോറ്റൂ എന്ന രീതിയില്‍  പ്രചാരണം നടത്തുന്നത് ജനാധിപത്യവിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പരാജയപ്പെട്ടതായും ജനാധിപത്യം തകര്‍ന്നതായുമാണ് പ്രതിപക്ഷ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനായുളള നന്ദിപ്രമേയചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോദി.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിനെതിരായുളള പ്രതിപക്ഷ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ച വയനാട്ടില്‍ രാജ്യം പരാജയപ്പെട്ടോ ?, സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച റായ്ബറേലിയില്‍ ഇന്ത്യ പരാജയപ്പെട്ടോ?, തിരുവനന്തപുരത്തും അമേഠിയിലും എന്തായിരുന്നു സ്ഥിതി. ഏതുതരത്തിലുളള വാദങ്ങളാണ് ഇതെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഉദ്ദേശിച്ച് മോദി ചോദിച്ചു. 

കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ പരാജയപ്പെട്ടു എന്നാണോ അര്‍ത്ഥമാക്കുന്നത്. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു.   17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിച്ചില്ല. സുസ്ഥിരത ആഗ്രഹിക്കുന്ന ജനങ്ങളുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഈ സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളിലും ദൃശ്യമാകുന്നതായും മോദി പറഞ്ഞു.

പുതിയ ഇന്ത്യയെ ഇവര്‍ കുറ്റം പറയുകയാണ്. ഇവര്‍ക്ക് പഴയ ഇന്ത്യയാണോ വേണ്ടത്.  പഴയ  ഇന്ത്യയില്‍ മന്ത്രിസഭ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വലിച്ചുകീറുന്നതാണ് കണ്ടത്. വ്യക്തിപരമായ യാത്രയ്ക്ക് നാവികസേനയെ വരെ ദുരുപയോഗം ചെയ്തു. പഴയ ഇന്ത്യയില്‍ നിരവധി അഴിമതികളാണ് പുറത്തുവന്നതെന്നും മോദി പറഞ്ഞു.

2000 രൂപയുടെ പദ്ധതിക്കായി കര്‍ഷകര്‍ അവരെ തന്നെ വിറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് കേട്ട ഞാന്‍ സ്തബ്ധനായി നിന്നുപോയി. മീഡിയയെ പോലും വെറുതെ വിടാന്‍ ഇവര്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചത് മീഡിയയുടെ സഹായത്തോടെയാണ് എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഏതുതരത്തിലുളള ആളുകള്‍ ആണ് ഇവര്‍.മീഡിയെയും വിലക്കെടുത്തു എന്നാണ് പറയുന്നതെങ്കില്‍ കേരളത്തിലും തമിഴ്‌നാട്ടിലും എന്താണ് കണ്ടതെന്നും മോദി ചോദിച്ചു.

തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ കോണ്‍ഗ്രസിലെ തന്റെ കൂട്ടുകാര്‍ക്ക് ദഹിക്കുന്നില്ല. പരാജയം ഉള്‍ക്കൊളളാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ വോട്ടിങ് മെഷീനെയാണ് ചിലര്‍ കുറ്റം പറയുന്നത്. ഒരു കാലത്ത് ഞങ്ങള്‍ക്ക് പാര്‍ലമെന്റില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജനങ്ങള്‍ ഞങ്ങളെ നോക്കി കൡയാക്കിയിട്ടുണ്ട്. കഠിനപരിശ്രമത്തിലൂടെയാണ് ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്. ഞങ്ങള്‍ പോളിങ് ബൂത്തിനെ കുറ്റപ്പെടുത്തുകയോ തോല്‍വിയില്‍ തൊടുന്യായങ്ങള്‍ കണ്ടെത്താനോ ശ്രമിച്ചില്ല. ധൈര്യമുണ്ടെങ്കില്‍ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാണ് രാഹുല്‍ ഗാന്ധി തയ്യാറാകേണ്ടതെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com