ഞാന്‍ എന്തിന് പരാതി കേള്‍ക്കണം, നിങ്ങളെല്ലാവരും മോദിക്ക് വോട്ട് ചെയ്തവരല്ലേ?; രോഷാകുലനായി കുമാരസ്വാമി ( വീഡിയോ) 

ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരില്‍ എത്തിയതായിരുന്നു അദ്ദേഹം
ഞാന്‍ എന്തിന് പരാതി കേള്‍ക്കണം, നിങ്ങളെല്ലാവരും മോദിക്ക് വോട്ട് ചെയ്തവരല്ലേ?; രോഷാകുലനായി കുമാരസ്വാമി ( വീഡിയോ) 

ബംഗലൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും കര്‍ണാടക രാഷ്ട്രീയത്തിന്റെ അന്തരീക്ഷം കുറെ നാളായി കലങ്ങി മറഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഒന്നിന് പിറകെ ഒന്നായി പ്രശ്‌നങ്ങളും വിവാദങ്ങളും വിടാതെ പിന്തുടരുകയാണ് കര്‍ണാടക രാഷ്ട്രീയത്തെ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനേറ്റ തിരിച്ചടിയില്‍ നിന്നും രക്ഷനേടാനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. അതിനും കോടികളാണ് പൊടിക്കുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് കുമാരസ്വാമി.

 ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനാണ് അദ്ദേഹം യാത്ര നടത്തുന്നത്. ഇതിനിടയില്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാരോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കുകയാണ്.നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് കുമാരസ്വാമി രോഷം പ്രകടിപ്പിച്ചത്. 'നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാര്‍ജിന് ഉത്തരവിടണോ?' പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ചോദിച്ചു. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരില്‍ എത്തിയതായിരുന്നു അദ്ദേഹം.

ഇത്തവണ കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ചാണ് അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടത്. ബസിന് ചുറ്റും കൂടിയ ജനം രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചതോടെയാണ് കുമാരസ്വാമി തിരിച്ചും രോഷം പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് താപനിലയത്തിലെ ജീവനക്കാര്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം തടഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com