പകരം മറ്റൊരാളില്ല, അധ്യക്ഷപദത്തില്‍ രാഹുല്‍ തുടരണം; പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ആവശ്യം, ഒറ്റക്കെട്ടായി എംപിമാര്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഒറ്റക്കെട്ടായി എംപിമാര്‍
രാഹുല്‍ ഗാന്ധി  (ഫയല്‍ ചിത്രം)
രാഹുല്‍ ഗാന്ധി (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഒറ്റക്കെട്ടായി എംപിമാര്‍. നേതൃസ്ഥാനത്ത് രാഹുലിനു പകരം മറ്റൊരാളെ കണ്ടെത്താനാവുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നു രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ തുടരണമെന്ന ആവശ്യം എംപിമാര്‍ മുന്നോട്ടുവച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാര്‍ ഏകകണ്ഠമായാണ്, രാഹുല്‍ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് അഭ്യര്‍ഥിച്ചത്. അധ്യക്ഷപദത്തില്‍ രാഹുലിനു പകരക്കാരനായി മറ്റൊരാളെ കണ്ടെത്താനാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായി ഉണ്ടാവുമെന്നും എന്നാല്‍ അധ്യക്ഷപദത്തിലേക്ക് ഇല്ലെന്നുമുള്ള നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്വീകരിച്ച ഈ നിലപാട് നേരത്തെ രാഹുല്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ്, അധ്യക്ഷപദം ഒഴിയുന്നതായി രാഹുല്‍ പ്രഖ്യാപിച്ചത്. നെഹറു കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ അധ്യക്ഷപദത്തിലേക്കു തെരഞ്ഞെടുക്കാന്‍ രാഹുല്‍ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനായിരുന്നു രാഹുലിന്റെ നിര്‍ദേശമെങ്കിലും നേതൃത്വത്തിന് ഇക്കാര്യത്തില്‍ ധാരണയില്‍ എത്താനായിട്ടില്ല. രാഹുല്‍ നിര്‍ദേശിച്ച ഒരു മാസത്തെ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു.

സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ അധ്യക്ഷ പദത്തില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് ഇ്‌പ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യം പരസ്യമായിത്തന്നെ വ്യക്തമാക്കി. അധ്യക്ഷപദത്തില്‍ രാഹുല്‍ ഗാന്ധിക്കു പകരം ഒരാളെ കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച പോലും നടന്നിട്ടില്ലെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com