കീഴ്‌വഴക്കങ്ങള്‍ തള്ളി; മന്‍മോഹന്‍ സിങ്ങിന്റെ ഓഫിസ് ജീവനക്കാരുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറിച്ചു

മന്‍മോഹന്‍ സിങ്ങിന്റെ ഓഫിസില്‍നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയെല്ലാം പിന്‍വലിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം പതിനാലില്‍നിന്ന് അഞ്ച് ആയാണ് കുറച്ചത്
മന്‍മോഹന്‍ സിങ്ങ് മോദിക്കൊപ്പം (ഫയല്‍)
മന്‍മോഹന്‍ സിങ്ങ് മോദിക്കൊപ്പം (ഫയല്‍)

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഓഫിസിലെ ജീവനക്കാരുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. മന്‍മോഹന്‍ സിങ്ങിന്റെ ഓഫിസില്‍നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയെല്ലാം പിന്‍വലിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം പതിനാലില്‍നിന്ന് അഞ്ച് ആയാണ് കുറച്ചത്.

തെരഞ്ഞെടുപ്പു ഫലം വന്നതിന്റെ തൊട്ടു പിന്നാലെയാണ് മന്‍മോഹന്‍ സിങ്ങിന്റെ ഓഫിസ് ജീവനക്കാരുടെ എണ്ണം കുറച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഉത്തരവിറക്കിയത്. ഇവരെ നിലനിര്‍ത്തണമെന്ന മുന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന തള്ളിയാണ് നടപടി.

നിലവിലെ ചട്ടപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് കാബിനറ്റ് മന്ത്രിമാര്‍ക്കു ലഭിക്കുന്ന തോതില്‍ ഓഫിസ് സംവിധാനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക. എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷവും ഇതു നീട്ടിനല്‍കുകയാണ് പതിവ്. ഐകെ ഗുജറാള്‍, ദേവഗൗഡ തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ഈ സംവിധാനം ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടല്‍ ബിഹാരി വാജ്‌പേയിക്കും സൗകര്യങ്ങള്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി. 

സ്ഥാനമൊഴിഞ്ഞ് അഞ്ചു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓഫിസ് സൗകര്യം ദീര്‍ഘിപ്പിച്ചുനല്‍കാന്‍ മന്‍മോഹന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തു നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതു തള്ളിയാണ് ജീവനക്കാരെ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. മന്‍മോഹന്റെ അഭ്യര്‍ഥന പരിഗണിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതായാണ് പിഎംഒയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു പിഎമാരും രണ്ടു ശിപായിമാരും ഒരു ക്ലര്‍ക്കുമാണ് ഇപ്പോള്‍ മന്‍മോഹന്റെ ഓഫിസില്‍ ഉള്ളത്.

മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് സ്ഥാനമൊഴിഞ്ഞതിനു ശേഷം അഞ്ചു വര്‍ഷത്തേക്ക് കാബിനറ്റ് മന്ത്രിയുടെ ആനുകൂല്യങ്ങള്‍ തുടരാന്‍ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തീരുമാനമെടുത്തത്. പതിനാലംഗ സെക്രട്ടേറിയല്‍ ജീവനക്കാര്‍, സൗജന്യ ഓഫിസ് സംവിധാനം, മെഡിക്കല്‍ സൗകര്യം, ബിസിനസ് ക്ലാസില്‍ ആഭ്യന്തര വിമാനയാത്ര, ഒരു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ തുടങ്ങിയവയാണ് ഇതനുസരിച്ചു ലഭിക്കുക. ചട്ടം ഇതാണെങ്കിലും അഞ്ചു വര്‍ഷത്തിനു ശേഷവും ഈ സൗകര്യങ്ങള്‍ തുടരുകയാണ് പതിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com