കോണ്‍ഗ്രസില്‍ കൂട്ടരാജി; ഡല്‍ഹിയില്‍ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ രാജിവെച്ചു
കോണ്‍ഗ്രസില്‍ കൂട്ടരാജി; ഡല്‍ഹിയില്‍ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്നതിനിടെ, പാര്‍ട്ടിയില്‍ കൂട്ടരാജി. ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ രാജിവെച്ചു. എഐസിസി സെക്രട്ടറിമാരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതിനിടെ ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞദിവസം പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചുവന്നേയ്ക്കും എന്ന തരത്തിലുളള ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ കൂട്ടരാജി ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കൂട്ടരാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജിവെച്ചതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ടീമിനെ നേതൃത്വത്തില്‍ അവരോധിക്കുന്നത് രാഹുലിന് എളുപ്പമാക്കാനെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.പാര്‍ട്ടിയുടെ നിയമകാര്യ ചെയര്‍മാന്‍ വിവേക് തന്‍ഹയാണ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് നേതൃനിരയിലുളള പല പ്രമുഖരും കൂട്ടരാജിക്ക് കളമൊരുക്കി രാജിവെച്ചത്.  ഡല്‍ഹിയിലെ വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ, തെലുങ്കാന വര്‍ക്കിങ് പ്രസിഡന്റ്, ഹരിയാന വനിതാ കോണ്‍ഗ്രസ് മേധാവി സുമിത്ര ചൗഹാന്‍, ജനറല്‍ സെക്രട്ടറി നേട്ടാ പി സാംഗ്മ, എഐഐസിസി സെക്രട്ടറിമാരായ വീരേന്ദ്രര്‍ റാത്തോര്‍, അനില്‍ ചൗധരി, രാജേഷ് ധര്‍മാണി, വിദേശകാര്യ സെല്‍ സെക്രട്ടറി വിരേന്ദര്‍ വശിഷ്ഠ് എന്നിവരാണ് രാജിവെച്ചത്. ഇതിന് പുറമേയാണ് ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റായ ഷീലാദീക്ഷിത് പിരിച്ചുവിട്ടത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും കോണ്‍ഗ്രസ് പിരിച്ചുവിട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com