രാജി പ്രവാഹത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയില്‍

രാജി പ്രഖ്യാപിച്ച പ്രസിഡന്റിന് മറ്റുള്ളവര്‍ കൂടി രാജിക്കത്ത് നല്‍കുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയല്ലേ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കളുടെ രാജിപ്രവാഹം തുടരുന്നതിനിടെ കോണ്‍ഗ്രസില്‍ എല്ലാ കണ്ണുകളും വീണ്ടും രാഹുല്‍ ഗാന്ധിയില്‍. കൂട്ടരാജിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്തു തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

തെരഞ്ഞെടുപ്പു തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരാളെങ്കിലും രാജിവച്ചോ എന്ന്, നേതൃസ്ഥാനത്തു തുടരാന്‍ അഭ്യര്‍ഥിച്ച് തന്നെ വന്നു കണ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ആരാഞ്ഞിരുന്നു. രാഹുലിന്റെ ഈ അതൃപ്തി സംഘത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പരസ്യമാക്കിയത്. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഇതു വലിയ ചര്‍ച്ചയായി. ഈ പശ്ചാത്തലത്തിലാണ് നേതാക്കളുടെ കൂട്ടരാജി. ഇന്നലെ വൈകിട്ടു വരെ വ്യത്യസ്ത പദവികളിലുള്ള 120ല്‍ ഏറെ ഭാരവാഹികള്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

രാഹുലിന്റെ അതൃപ്തി പുറത്തുവന്നതോടെ കൂടുതല്‍ പേരുടെ രാജിക്കായി ക്യാംപയ്‌നും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. എഐസിസി കേന്ദ്രീകരിച്ച് ഒപ്പു ശേഖരണവും നടന്നെന്നാണ് സൂചന. ഇതിന്റെ തുടര്‍ച്ചയായാണ് നേതാക്കള്‍ രാജിക്കത്ത് നല്‍കിയത്. തെലുങ്കാനയുടെ ചുമതലയുണ്ടായിരുന്ന പൂനം പ്രഭാകര്‍, ബിഹാറിന്റെ ചുമതലയുള്ള വീരേന്ദ്ര റാത്തോഡ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്രീനിവാസ്, ഡല്‍ഹി വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലൈലോത്തിയ, അനില്‍ ചൗധരി, മധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബബാരി, ഗോവയുടെ ചുമതല വഹിക്കുന്ന ഗിരീഷ് ചൗധാന്‍കര്‍ തുടങ്ങിയവര്‍ ഇന്നലെ രാജിക്കത്ത് നല്‍കിയവരില്‍ പെടുന്നു.

സുപ്രധാന ചുമതകള്‍ വഹിക്കുന്നവര്‍ രാജി നല്‍കുന്നതോടെ പാര്‍ട്ടി സ്വതന്ത്രമായി പുനസംഘടിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്കാവുമെന്നാണ് സ്ഥാനമൊഴിഞ്ഞവര്‍ ചൂണ്ടിക്കാട്ടുന്നത്. പുനസംഘടനാ പ്രവര്‍ത്തനങ്ങളിലേക്കു കടക്കുന്നതോടെ രാഹുല്‍ നേതൃസ്ഥാനത്ത് തുടരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. രാജി വച്ച നേതാക്കള്‍ ഇന്നലെ രാത്രി പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഇവര്‍ ഉടന്‍ തന്നെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കാണുമെന്നാണ് സൂചന.

അതേസമയം കൂട്ടരാജിക്കെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവയ്ക്കുന്നത് പാര്‍ട്ടിയില്‍ അരാജകത്വം സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. രാജി പ്രഖ്യാപിച്ച പ്രസിഡന്റിന് മറ്റുള്ളവര്‍ കൂടി രാജിക്കത്ത് നല്‍കുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയല്ലേ ചെയ്യുകയെന്ന് ഇവര്‍ ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com