ചോര്‍ന്നൊലിച്ച് സര്‍ദാര്‍ പ്രതിമ; കാലാവസ്ഥ ആസ്വദിക്കാനാണെന്ന് വിശദീകരണം, മഴയില്‍ നനഞ്ഞ് സന്ദര്‍ശകര്‍

പ്രതിമയ്‌ക്കൊപ്പം ഉള്ള സന്ദര്‍ശകര്‍ക്കുള്ള ഗ്യാലറിയിലാണ് ചോര്‍ച്ച സംഭവിച്ചത്.
ചോര്‍ന്നൊലിച്ച് സര്‍ദാര്‍ പ്രതിമ; കാലാവസ്ഥ ആസ്വദിക്കാനാണെന്ന് വിശദീകരണം, മഴയില്‍ നനഞ്ഞ് സന്ദര്‍ശകര്‍

ഗാന്ധിനഗര്‍: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് സര്‍ദാര്‍ പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി. വന്‍ ആഘോഷത്തോടെയാണ് ഇത് സന്ദര്‍ശകര്‍ക്ക് വേണ്ടി തുറന്ന് കൊടുത്തത്. മഴക്കാലം തുടങ്ങിയപ്പോള്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ ചോര്‍ച്ചയെന്ന് ആരോപണം. 

ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദേശീയ മാധ്യമങ്ങളും ഈ വീഡിയോ വാര്‍ത്തയാക്കിയിട്ടുണ്ട്. പ്രതിമയ്‌ക്കൊപ്പം ഉള്ള സന്ദര്‍ശകര്‍ക്കുള്ള ഗ്യാലറിയിലാണ് ചോര്‍ച്ച സംഭവിച്ചത്. നര്‍മദ നദിയുടെ പുറം കാഴ്ചകള്‍ സര്‍ദാര്‍ പ്രതിമയ്ക്ക് അടുത്ത് നിന്നും ആസ്വദിക്കാനുള്ള അവസരം നല്‍കുന്നതാണ് ഗ്യാലറി. സര്‍ദാര്‍ പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്താണ് തുറന്ന ഗ്രില്ലുകള്‍ ഉള്ള ഈ ഗ്യാലറി സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ ഇവിടെ മഴയില്‍ ചോര്‍ന്നൊലിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ ഉള്ളത്. സന്ദര്‍ശകര്‍ പലരും മഴകൊള്ളാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സന്ദര്‍ശക ഗ്യാലറിയുടെ തറയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതും കാണാം. അതേ സമയം സര്‍ദാര്‍ പ്രതിമയുടെ മുകളിലെ ചില വിള്ളലുകളിലും ചോര്‍ച്ചയുണ്ടെന്നാണ് ഇന്ത്യടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ വീഡിയോ വൈറലായതോടെ സ്റ്റാച്യൂ ഓഫ് യൂണിറ്റി അധികൃതര്‍ വിശദീകരണവുമായി എത്തി. സന്ദര്‍ശകര്‍ക്ക് ആദ്യം പ്രതികരിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി സിഇഒ ഐകെ പട്ടേല്‍ സന്ദര്‍ശകര്‍ക്ക് കാലവസ്ഥ കൂടി ആസ്വദിക്കാന്‍ തക്കവണ്ണമാണ് ഗ്യാലറി ഉണ്ടാക്കിയത് എന്നാണ് അവകാശപ്പെട്ടത്. പിന്നീട് സ്റ്റാച്യൂ ഓഫ് യൂണിറ്റ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. 

'വലിയ വേഗതയിലുള്ള കാറ്റാണ് ഗ്യാലറിയില്‍ വെള്ളം കയറാന്‍ കാരണമെന്നും, ഡിസൈനില്‍ തന്നെ മികച്ച കാഴ്ച ലഭിക്കാന്‍ തുറന്ന രീതിയിലാണ് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ഇതാണ് വെള്ളം അകത്ത് കയറാന്‍ കാരണമാക്കിയത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ജോലിക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്' - സ്റ്റാച്യൂ ഓഫ് യൂണിറ്റ് ട്വീറ്റില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com