അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍ ; ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

പൂഞ്ച് സെക്ടറിലെ കൃഷ്ണഗാട്ടിയിലാണ് പാക് സേന ഷെല്ലാക്രമണം നടത്തിയത്
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍ ; ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

കശ്മീര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു നാട്ടുകാര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. 

അമ്മയും രണ്ട് മക്കളുമാണ് പാക് ഷെല്ലാക്രമണത്തിൽ മരിച്ചത്. റുബാന കൗസര്‍ ഇവരുടെ മകന്‍ ഫസാന്‍, ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്. റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു.

പൂഞ്ച് സെക്ടറിലെ കൃഷ്ണഗാട്ടിയിലാണ് പാക് സേന ഷെല്ലാക്രമണം നടത്തിയത്. തുടര്‍ച്ചയായ എട്ടാംദിവസമാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നത്. ഇന്നലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.

ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ച്, തങ്ങള്‍ സമാധാനത്തിന്റെ പാതയാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയുമ്പോഴാണ് അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുന്നത്. തങ്ങളുടെ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാക് സൈനിക മേധാവി ഇന്നലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com