അഭിനന്ദൻ നേരിടുക വിശദമായ 'ഡീബ്രീഫിങ്' ; സ്കാനിം​ഗ് അടക്കമുള്ള പരിശോധനകൾ

വിശദമായ വൈദ്യപരിശോധനയ്ക്കും, സ്കാനിം​​ഗിനും അഭിനന്ദനെ വിധേയനാക്കും
അഭിനന്ദൻ നേരിടുക വിശദമായ 'ഡീബ്രീഫിങ്' ; സ്കാനിം​ഗ് അടക്കമുള്ള പരിശോധനകൾ

ന്യൂഡൽഹി : പാകിസ്ഥാൻ കസ്റ്റഡിയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ ഇന്ന് ഡീബ്രീഫിങിന് വിധേയമാക്കും. പാകിസ്ഥാൻ കസ്റ്റഡിയിൽ നേരിട്ട അനുഭവം, അവരോട് വെളിപ്പെടുത്തിയ കാര്യങ്ങൾ തുടങ്ങിയവ വിശദമായി ചോദിച്ചറിയുന്ന നടപടിയാണ് ഡീബ്രീഫിങ്. വ്യോമസേന ഇന്റലിജൻസ്, ഇന്റിലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരാകും അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുക.  

പാകിസ്ഥാൻ അധികൃതരോട് അഭിനന്ദന് എന്തെല്ലാം വെളിപ്പെടുത്തേണ്ടിവന്നു എന്നത് അറിയുകയാണ് ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ?, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ?, പാക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ?, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ? തുടങ്ങിയ കാര്യങ്ങൾ വൈമാനികനോട് ആരായും. ചോദ്യം ചെയ്യലിന് മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും.

സാധാരണ നിലയിൽ എയർഫോഴ്സ് ഉദ്യോ​ഗസ്ഥരെ വ്യോമസേന ഇന്റലിജൻസ് മാത്രമാണ് ചോദ്യം ചെയ്യാറുള്ളത്. മറ്റ് ഏജൻസികൾക്ക് ചോദ്യം ചെയ്യാൻ വിട്ടുനൽകാറില്ല. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരി​ഗണിച്ച് മറ്റ് ഏജൻസികളെ കൂടി ചോദ്യം ചെയ്യാൻ അനുവദിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെത്തിയ അഭിനന്ദനെ വ്യോമസേന ഇന്റലിജൻസ് യൂണിറ്റിന് കൈമാറി. 

വിശദമായ വൈദ്യപരിശോധനയ്ക്കും, സ്കാനിം​​ഗിനും അഭിനന്ദനെ വിധേയനാക്കും. ഫിറ്റ്നസ് ടെസ്റ്റുകളും നടത്തും. പാകിസ്ഥാന്റെ കസ്റ്റഡിയിൽ വെച്ച് ഇന്ത്യൻ രഹസ്യങ്ങൾ ചോർത്താനായി എന്തെങ്കിലും നൂതന ഉപകരണങ്ങൾ അഭിനന്ദന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് വിശദമായ സ്കാനിം​ഗ് അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. പിന്നീട് മാധ്യമങ്ങൾ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തണം എന്നത്മെ സംബന്ധിച്ചും അഭിനന്ദന്  ഉദ്യോ​ഗസ്ഥർ നിർദേശങ്ങൾ നൽകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com