ഭരണമേറ്റ ശേഷം ആദ്യമായി മോദി അമേഠിയിലേക്ക്; കാവിയില്‍ മുങ്ങി കോണ്‍ഗ്രസ് തട്ടകം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലം അമേഠിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച റാലി നടത്തും
ഭരണമേറ്റ ശേഷം ആദ്യമായി മോദി അമേഠിയിലേക്ക്; കാവിയില്‍ മുങ്ങി കോണ്‍ഗ്രസ് തട്ടകം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലം അമേഠിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച റാലി നടത്തും. ആയുധ നിര്‍മ്മാണ ശാലയുടെ ഉദ്ഘാടനവും മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ പ്രഖ്യാപനവും മോദി നടത്തും. 

നെഹ്‌റു കുടുംബത്തിന്റെ സ്വന്തം മണ്ഡലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍, പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായാണ് മോദി എത്തുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി അദ്ദേഹം നേരത്തെ സന്ദര്‍ശിച്ചിരുന്നു. 

ഗൗരിഗഞ്ചിലാണ് മോദി റാലിയെ അഭിസംബോധന ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ മണ്ഡലം നിറയെ ബിജെപി, കാവി കൊടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ റാലിയ്ല്‍ 1.25 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ദോവിന്ദ് നാരായണന്‍ അവകാശപ്പെട്ടു. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞയാഴ്ച അമേഠി സന്ദര്‍ശിച്ചിരുന്നു. ഇതിന് മുമ്പ് മോദി അമേഠിയില്‍ എത്തിയത് 2014 മെയ് 5ന് ആയിരുന്നു. സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമായിരുന്നു അദ്ദേഹം എത്തിയത്. 

രാഹുല്‍ ഗാന്ധിയോട് ലക്ഷം വോട്ടിന് തോറ്റ സ്മൃതി തന്നെയായിരിക്കും ഇത്തവണയും ബിജെപി സ്ഥാനാര്‍ത്ഥി എന്നാണ് സൂചനകള്‍. ഇറാനി സ്ഥിരമായി മണ്ഡലം സന്ദര്‍ശിക്കുകയും രാഹുലിന് എതിരെ പ്രചാരണങ്ങള്‍ നടത്താറുമുണ്ട്. 2017ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ അഞ്ചില്‍ നാല് നിയമസഭ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയിരുന്നു. ഇത് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടമാകുന്നതിന് സഹായിക്കും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മോദിയുടെ മണ്ഡലമായ വാരണസിയിലേക്ക് കര്‍ഷക റാലി നടത്തുമെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com