'കശ്മീര്‍ ആഭ്യന്തര പ്രശ്‌നം, പുറത്ത് നിന്ന് ആരും ഇടപെടേണ്ട' ; ഒഐസി പ്രമേയം തള്ളി ഇന്ത്യ

'കശ്മീര്‍ ആഭ്യന്തര പ്രശ്‌നം, പുറത്ത് നിന്ന് ആരും ഇടപെടേണ്ട' ; ഒഐസി പ്രമേയം തള്ളി ഇന്ത്യ

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടത്തെ പ്രശ്‌നങ്ങള്‍ ആഭ്യന്തരകാര്യമാണ്

അബുദാബി: 'കശ്മീര്‍ പ്രശ്‌ന'ത്തില്‍ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ഇസ്ലാമിരരാഷ്ട്രങ്ങളുടെ പ്രമേയം ഇന്ത്യ തള്ളി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇവിടത്തെ പ്രശ്‌നങ്ങള്‍ ആഭ്യന്തരകാര്യമാണ്. ഇതില്‍ വേറെ ആരും ഇടപെടേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്ലാമിക രാഷ്ട്ര സമ്മേളനത്തിലേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പ്രത്യേക അതിഥിയായി സ്വാഗതം ചെയ്തതില്‍ നന്ദി അറിയിക്കുന്നതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

ഒഐസിയിലെ  (Organisation of Islamic Cooperation) 57 രാജ്യങ്ങളും ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തിലാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന വിമര്‍ശനമുള്ളത്. 'നിരപരാധികളായ കശ്മീരികള്‍ക്ക് മേല്‍ ഇന്ത്യ ഭരണകൂട ഭീകരത പ്രയോഗിക്കുന്നു', 'മേഖലയില്‍ നടക്കുന്നത് ഇന്ത്യന്‍ തീവ്രവാദം', 'ജമ്മു കശ്മീരില്‍ കാണാതാകുന്ന യുവാക്കളെക്കുറിച്ച് പിന്നീടാര്‍ക്കും അറിവില്ല'  തുടങ്ങിയ പരാമര്‍ശങ്ങളും ശനിയാഴ്ച പാസ്സാക്കിയ പ്രമേയത്തിലുണ്ട്. 


സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഈ പ്രമേയം പാസ്സാക്കപ്പെടുന്നത്. സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി സമ്മേളനത്തില്‍ പങ്കെടുക്കാതെ പിന്‍മാറിയിരുന്നു. ഭീകരതയ്‌ക്കെതിരെയാണ് ഇന്ത്യ പോരാടുന്നതെന്നും, അതിന് ഒരു മതവുമായും ബന്ധമില്ലെന്ന് സമ്മേളനത്തില്‍ സംസാരിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.  ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com