ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 250ല്‍ ഏറെ ഭീകരര്‍: അമിത് ഷാ

ഇത് ആദ്യമായാണ് മരണ സംഖ്യയെക്കുറിച്ച് ബിജെപി ഔദ്യോഗികമായി പ്രതികരണം നടത്തുന്നത്
ബാലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 250ല്‍ ഏറെ ഭീകരര്‍: അമിത് ഷാ

അഹമ്മദാബാദ്: ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് അമിത് ഷാ പറഞ്ഞു. 

ബാലാക്കോട്ടിലെ സൈനിക നടപടിയില്‍ മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് വിവിധ വാദങ്ങള്‍ ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസംഗം. ഇത് ആദ്യമായാണ് മരണ സംഖ്യയെക്കുറിച്ച് ബിജെപി ഔദ്യോഗികമായി പ്രതികരണം നടത്തുന്നത്. 350ല്‍ ഏറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബാലാക്കോട്ടിലെ മരണ സംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഉറിയിലെ ഭീകരാക്രമണത്തിനു ശേഷം സൈന്യം മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇത്തരമൊരു ആക്രമണം സാധ്യമല്ലെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ പതിമൂന്നാം ദിവസം നരേന്ദ്രമോദി സര്‍ക്കാര്‍ അതു നടപ്പാക്കി. ഇരുന്നൂറ്റി അന്‍പതിലേറെപ്പാരാണ് ആക്രമണത്തില്‍ മരിച്ചത്. സൈന്യത്തിന് ഒരു നഷ്ടവും ഈ ആക്രമണത്തിലുണ്ടായില്ല- ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ പിടികൂടിയപ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞു. എന്നാല്‍ നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം അഭിനന്ദന്‍ രാജ്യത്ത് തിരികെയെത്തി. ഇത്ര കുറഞ്ഞ സമയത്തില്‍ ഒരു യുദ്ധത്തടവുകാരന്‍ മോചിപ്പിക്കപ്പെടുന്ത് ലോകത്തു തന്നെ ആദ്യമാണെന്ന് അമിത് ഷാ പറഞ്ഞു. 

വ്യോമാക്രമണത്തെ ചോദ്യം ചെയ്തതുവഴി പാകിസ്ഥാനെ സഹായിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. തെളിവ് എവിടെയെന്നാണ് മമത ചോദിച്ചത്. രാഷ്ട്രീയവത്കരിച്ചെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. അന്വഷണം വേണമെന്നായിരുന്നു അഖിലേഷിന്റെ ആവശ്യം. ഇവരെയെല്ലാം കുറിച്ചോര്‍ത്ത് ല്ജ്ജ മാത്രമാണ് തോന്നുന്നത്. നിങ്ങളുടെ പ്രസ്താവനകള്‍ ചിരി പടര്‍ത്തിയത് പാകിസ്ഥാന്റെ മുഖത്താണ്. മോദി സര്‍ക്കാരിനെയും സൈന്യത്തെയും പിന്തുണയ്ക്കാനാവുന്നില്ലെങ്കില്‍ മിണ്ടാതിരിക്കാനെങ്കിലും കഴിയണമെന്ന് അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com