മോദി ഭരണത്തില്‍ കറാച്ചിയിലും ചികിത്സ ലഭിക്കും; നാക്കുളുക്കി; കൊച്ചി കറാച്ചിയായെന്ന് വിശദീകരണം

ഈയിടയായി തന്റെ മനസ് നിറയെ അയല്‍രാജ്യത്തെക്കുറിച്ചുള്ള ചിന്തയാണെന്നും മോദി
മോദി ഭരണത്തില്‍ കറാച്ചിയിലും ചികിത്സ ലഭിക്കും; നാക്കുളുക്കി; കൊച്ചി കറാച്ചിയായെന്ന് വിശദീകരണം

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ ഒരു പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിക്ക് നാക്ക് പിഴച്ചപ്പോള്‍ കൊച്ചി കറാച്ചിയായി. നാക്കു പിഴച്ചത് തിരിച്ചറിഞ്ഞ മോദി ഉടന്‍ തന്നെ ഇതു തിരുത്തുകയും ചെയ്തു. കറാച്ചി എന്നല്ല കൊച്ചി എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മോദിയുടെ വിശദീകരണം.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മോദിക്ക് നാക്ക് പിഴച്ചത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നതെന്ന് മോദി പറഞ്ഞു. ജാംനഗറില്‍ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു മോദിയുടെ പ്രസംഗം. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ ഓരോരുത്തര്‍ക്കും രാജ്യത്തെവിടെയും ചികിത്സ ലഭിക്കുമെന്ന് മോദി പറഞ്ഞു. ജാംനഗര്‍ നിവാസികള്‍ക്ക് കൊല്‍ക്കത്തയില്‍ പോയാലും കറാച്ചിയില്‍ പോയാലും ഈ പദ്ധതിയിലൂടെ ചികിത്സ ലഭിക്കുമെന്ന് മോദി പറഞ്ഞതാണ് സദസില്‍ ചിരിപടര്‍ത്തിയത്.

''ജാംനഗര്‍ നിവാസി ഭോപ്പാലില്‍ പോകുന്നു. അവിടെ വച്ച് രോഗബാധിതനാകുന്നു. അയാള്‍ ചികിത്സക്കായി ജാംനഗറില്‍ തിരിച്ചെത്തേണ്ടതില്ല. അയാള്‍ തന്റെ ആയുഷ്മാന്‍ ഭാരത് കാര്‍ഡ് കാണിച്ചാല്‍ കൊല്‍ക്കത്തയിലാണെങ്കിലും കറാച്ചിയിലാണെങ്കിലും ചികിത്സ ലഭിക്കും.''  മോദി പറഞ്ഞു. തനിക്ക് നാക്ക് പിഴച്ചുവെന്ന് തിരിച്ചറിഞ്ഞ മോദി, കറാച്ചിയല്ല കൊച്ചിയെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് തിരുത്തി. ഈയിടയായി തന്റെ മനസ് നിറയെ അയല്‍രാജ്യത്തെക്കുറിച്ചുള്ള ചിന്തയാണെന്നും മോദി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com