മോദിയുടെ ഡോക്യുമെന്ററിക്കായി വീണ്ടും ഗോധ്ര സംഭവം; തീവണ്ടി കത്തിച്ചു; വിവാദം

ചിത്രീകരണത്തിന്റെ ഭാഗമായി റയില്‍വെയുടെ നിര്‍ദ്ദേശം മറികടന്ന് ട്രയിന്‍ കോച്ച് കത്തിച്ചതാണ് വിവാദമായത്
മോദിയുടെ ഡോക്യുമെന്ററിക്കായി വീണ്ടും ഗോധ്ര സംഭവം; തീവണ്ടി കത്തിച്ചു; വിവാദം

വഡോദര: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കായി ഗോധ്ര സംഭവം പുനസൃഷ്ടിക്കുന്നതിന് ട്രയിന്‍ കോച്ച് കത്തിച്ചത് വിവാദത്തില്‍. വഡോധരയിലെ റയില്‍വെ സ്‌റ്റേഷനിലായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിന്റെ ഭാഗമായി റയില്‍വെയുടെ നിര്‍ദ്ദേശം മറികടന്ന് ട്രയിന്‍ കോച്ച് കത്തിച്ചതാണ് വിവാദമായത്.

ഗോധ്രസംഭവം പുനസൃഷ്ടിക്കാനായി റയില്‍വെ സ്റ്റേഷന്‍ ചിത്രീകരണത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ റയില്‍വെയെ സമീപിച്ചിരുന്നു. ഇതിന് പ്രതാപ് നഗര്‍ സ്റ്റേഷനില്‍ ചിത്രീകരണത്തിന് റയില്‍വെ അധികൃതര്‍ അനുമതി നല്‍കി. റയില്‍വേ സ്‌റ്റേഷന്‍ ഉള്‍പ്പെടുന്ന കുറച്ച് സീനുകള്‍ ചിത്രീകരിക്കാനായിരുന്നു അനുമതി. ഷൂട്ടിംഗിന് ശേഷം റയില്‍വെ കോച്ചുകള്‍ തിരിച്ചുനല്‍കണമെന്ന ഉപാധിയോടെയാണ് കോച്ചുകള്‍ അനുവദിച്ചത്. 

അണിയറപ്രവര്‍ത്തകര്‍ റയില്‍വേയ്ക്ക് നല്‍കിയ സ്‌ക്രിപ്റ്റില്‍ ഗോധ്ര കലാപത്തെ കുറിച്ച് സൂചന ഇല്ലായിരുന്നു. റയില്‍വെ മോക് ഡ്രില്ലിന് ഉപയോഗിക്കുന്ന ഉപയോഗ ശൂന്യമായ ട്രെയിന്‍ ബോഗിക്കാണ് അണിയറക്കാര്‍ ഷൂട്ടിങ്ങിനായി തീവച്ചത്. എന്നാല്‍ തീവെപ്പിലൂടെ റയില്‍വേയ്ക്ക് നാശനഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
ഗോധ്ര കലാപം ഉള്‍പ്പെടുത്തി  ഡോക്യൂമെന്ററി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്ന് ഡോക്യുമെന്ററി സംവിധായകന്‍ ഉമേഷ് ശുക്ല പറഞ്ഞു. 2002ല്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിനിനു തീവച്ച് 59 കര്‍സേവകരെ കൊലപ്പെടുത്തിയതാണ് ഗോധ്രസംഭവം. അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ എസ്6 ബോഗി 2002 ഫെബ്രുവരി 27ന് ആണ് അഗ്‌നിക്കിരയായത്. ആയിരത്തിയിരുന്നൂറോളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു കാരണമായത് ഈ സംഭവമാണ്. നരേന്ദ്രമോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com