സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല; ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് ധാരണ

സിപിഎം സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചിലും മൂര്‍ഷിദാബാദിലും കോണ്‍ഗ്രസ് മത്സരിക്കില്ല - കോണ്‍ഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ല 
സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല; ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് ധാരണ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അനുമതി. സിറ്റിംഗ് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കില്ല. ആറുസീറ്റുകളിലാണ് നീക്കുപോക്ക് ഉണ്ടാക്കുക.

ലോക്‌സഭ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ സഖ്യഭരണം അവസാനിപ്പിക്കാനും പാര്‍ലമെന്റില്‍ സിപിഎം അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി ശക്തമായ പ്രവര്‍ത്തനം നടത്താന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ തീരുമാനമായി. തമിഴ്‌നാട്ടില്‍ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഡിഎംകെയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനാണ് സിപിഎം തീരുമാനം. ഇത് സംബന്ധിച്ച് എന്‍സിപിയുമായി ചര്‍ച്ച നടക്കുകയാണ്. ബീഹാറില്‍ ആര്‍ജെഡിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുയാണെന്നും യച്ചൂരി പറഞ്ഞു.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകളില്‍ ഇടതുമുന്നണിയും സിപിഎമ്മിന്റെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. കോണ്‍ഗ്രസുമായി സീറ്റുകള്‍ പങ്കുവെക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിര്‍ദ്ദേശം രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മറ്റി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ തീരുമാനം ഏകകണ്ഠമല്ലെന്നും ഭൂരിപക്ഷം ്അംഗങ്ങള്‍ യോജിച്ചെന്നും യച്ചൂരി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ചിലസീറ്റിലെങ്കിലും മതേതരപാര്‍ട്ടികളുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം നീക്കം. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ ബിജെപി രണ്ടാമത്തെ പാര്‍ട്ടിയാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കോണ്‍ഗ്രസ് - സിപിഎം സഹകരണത്തിനുള്ള ധാരണ. കോണ്‍ഗ്രസിന് ശക്തിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. സഹകരിച്ച് മത്സരിച്ചാല്‍ നിലവിലെ എംപിമാര്‍ വിജയിക്കുമെന്നാണ് ഇരു പാര്‍ട്ടികളുടെയും കണക്ക് കൂട്ടല്‍

ഭീകരതയ്‌ക്കെതിരെ യോജിച്ച പോരാട്ടം വേണം. ഭീകരതയ്‌ക്കെതിരായ പോരാട്ടം ബിജെപി രാഷ്ട്രീയവത്കരിക്കുകയാണ്. തെരഞ്ഞടുപ്പ് നേട്ടത്തിനായി വര്‍ഗീയധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ ഐക്യം തകര്‍ക്കുമെന്ന് യച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com