തമിഴ്‌നാട്ടില്‍ സിപിഎം,  ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ; രണ്ട് സീറ്റില്‍ മല്‍സരിക്കാന്‍ ധാരണ

തമിഴ്‌നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തിലാണ് സിപിഎമ്മും അണിചേര്‍ന്നത്
തമിഴ്‌നാട്ടില്‍ സിപിഎം,  ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ; രണ്ട് സീറ്റില്‍ മല്‍സരിക്കാന്‍ ധാരണ

ചെന്നൈ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ സഖ്യത്തിനൊരുങ്ങി സിപിഎം. തമിഴ്‌നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തിലാണ് സിപിഎമ്മും അണിചേര്‍ന്നത്. തമിഴ്‌നാട്ടില്‍ രണ്ടു സീറ്റില്‍ സിപിഎം മല്‍സരിക്കാനാണ് ധാരണയായിട്ടുള്ളത്. 

തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി-എഐഎഡിഎംകെ-പിഎംകെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബാലകൃഷ്ണന്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. 

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് മല്‍സരിക്കാന്‍ സിപിഐ നേരത്തെ ധാരണയായിരുന്നു. രണ്ട് സീറ്റുകളിലാണ് സിപിഐ മല്‍സരിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രം സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശനും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും നേരത്തെ ഒപ്പുവെച്ചിരുന്നു.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയിലേര്‍പ്പെടാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇരുപാര്‍ട്ടികളും പരസ്പരം മല്‍സരിക്കരുതെന്നാണ് തീരുമാനമായിട്ടുള്ളത്. എന്നാല്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ യെച്ചൂരിയും രാഹുല്‍ഗാന്ധിയും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com