കശ്മീരി കച്ചവടക്കാർക്ക് ലഖ്നൗവിൽ ക്രൂരമർദനം ; ഒരു സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ ; പ്രതിഷേധം (വീഡിയോ)

സംഭവത്തിൽ ബജ് രംഗ് സോങ്കര്‍ എന്ന വിശ്വഹിന്ദു ദൾ സംഘടനാ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു
കശ്മീരി കച്ചവടക്കാർക്ക് ലഖ്നൗവിൽ ക്രൂരമർദനം ; ഒരു സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ ; പ്രതിഷേധം (വീഡിയോ)

ലഖ്‌നൗ: കശ്മീരി കച്ചവടക്കാർക്ക് നേരെ ഉത്തർപ്രദേശിലെ ലഖ്നൗവിൽ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം. തെരുവ് കച്ചവടക്കാരായ രണ്ട് പേർക്ക് നേരെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. കശ്മീരില്‍ നിന്ന് പഴക്കച്ചവടത്തിനെത്തിയവരാണ് ലഖ്‌നൗവിലെ പൊതുനിരത്തിൽ വെച്ച് ക്രൂരമായ ആക്രമണത്തിനിരയായത്. 

കാവി വസ്ത്രമണിഞ്ഞെത്തിയ സംഘം ലാത്തി പോലെയുള്ള വടി ഉപയോഗിച്ച് തല്ലുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കശ്മീരികളെ തല്ലുന്നതും തുടര്‍ന്ന് ഒരാള്‍ മുഖം മറച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. അവിടെ നിന്ന മറ്റെയാളോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. കശ്മീരികളായതു കൊണ്ടാണ് തല്ലുന്നതെന്ന് അക്രമികള്‍ പറയുന്നതും വീഡിയോയിലുണ്ട്. 

വര്‍ഷങ്ങളായി ലഖ്‌നൗവില്‍ താമസിച്ച് പഴക്കച്ചവടം നടത്തി വന്നവരാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ നേര്‍ക്കുണ്ടായ ആക്രമണം സാമുദായികമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബജ് രംഗ് സോങ്കര്‍ എന്ന വിശ്വഹിന്ദു ദൾ സംഘടനാ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സംഭവത്തിലെ പ്രധാനിയായ വിശ്വഹിന്ദു ദളിന്റെ അധ്യക്ഷനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.  ഫെയ്സ് ബുക്ക് പേജില്‍ വ്യാപാരികളെ ആക്രമിച്ചതിന്റെ വീഡിയോ ഇയാള്‍ ഷെയര്‍ ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു. 

അക്രമത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് ആക്രമണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. താങ്കളുടെ മുഖ്യമന്ത്രിയുടെ കൈയിലല്ലേ ഭരണം, ഇതിനെതിരെ എന്തെങ്കിലും നടപടി പ്രതീക്ഷിക്കാമോ എന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റില്‍ ചോദിച്ചു. 

കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികൾ ആക്രമണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരികല്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com