മാലിന്യത്തെച്ചൊല്ലി തര്‍ക്കം; സ്വച്ഛ് ഭാരതിന്റെ പേരില്‍ മര്‍ദനമേറ്റെന്ന് മാധ്യമ പ്രവര്‍ത്തക

സ്വച്ഛ് ഭാരതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി മാധ്യമ പ്രവര്‍ത്തകയുടെ പരാതി
മാലിന്യത്തെച്ചൊല്ലി തര്‍ക്കം; സ്വച്ഛ് ഭാരതിന്റെ പേരില്‍ മര്‍ദനമേറ്റെന്ന് മാധ്യമ പ്രവര്‍ത്തക

ബംഗളൂരു: സ്വച്ഛ് ഭാരതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി മാധ്യമ പ്രവര്‍ത്തകയുടെ പരാതി. മാലിന്യം കളയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരിലാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറയുന്നു. ബംഗളൂരുവിലെ തിപ്പസാന്ദ്രയിലെ റസിഡന്‍ഷ്യല്‍ മേഖലയില്‍ താമസിക്കുന്ന റേച്ചല്‍ ചിത്രയെന്ന 34കാരിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 

മകളെ സ്‌കൂളില്‍ വിട്ട് ജോലിക്ക് പോകുന്നതിനിടെ വീട്ടിലെ മാലിന്യങ്ങള്‍ കളയാന്‍ ഇവര്‍ കൈയില്‍ കരുതിയിരുന്നു. വീട്ടില്‍ നിന്ന് കളയാനായി എടുത്ത പ്ലാസ്റ്റിക് ബോട്ടിലുകളും പേപ്പര്‍ ബാഗുമടക്കമുള്ളവയായിരുന്നു അവരുടെ കൈയില്‍. മാലിന്യങ്ങള്‍ കൂട്ടിയിട്ട ചാക്കിനരികെ ഇത് നിക്ഷേപിച്ച് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഒരാള്‍ വന്ന് മാലിന്യം നിക്ഷേപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത്. 

മാലിന്യം നിറച്ച ബാഗ് തിരികെ കൊണ്ടുപോകണമെന്ന് ഇയാള്‍ അവശ്യപ്പെട്ടതായി റേച്ചല്‍ പറയുന്നു. എന്നാല്‍ തന്റെ കൈയില്‍ ലാപ് ടോപിന്റെ അടക്കം ബാഗുകളുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ മോശമായി പെരുമാറി. ഒപ്പം തോളത്ത് പിടിച്ച് തള്ളുകയും പോകാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. 

ഇയാള്‍ തന്റെ ഭാര്യയേയും സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. പിന്നീട് എട്ടോളം വരുന്ന മറ്റൊരു സംഘവും സ്ഥലത്തെത്തി. ആദ്യം ഉപദ്രവിച്ച ആളുടെ ഭാര്യ പിന്നീട് തന്നെ തള്ളാനും മര്‍ദിക്കാനും ശ്രമിച്ചു. ഇത് മറികടന്ന് പോകാനൊരുങ്ങുന്നതിനിടെ തന്റെ ലാപ് ടോപ്പടക്കമുള്ളവ തട്ടിത്തെറിപ്പിച്ച് അവര്‍ മര്‍ദിക്കുകയായിരുന്നു. ഇതെല്ലാം കണ്ട് തന്റെ മകള്‍ ഭയന്ന് കരഞ്ഞു. അതോടെ തനിക്കും ഭയമായി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. 

സംഭവവുമായി ബന്ധപ്പെട്ട് ജീവന്‍ ബിമ നഗര്‍ പൊലീസ് സ്റ്റേഷനില്‍ റേച്ചല്‍ പരാതി നല്‍കി. ആദ്യം പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് റേച്ചല്‍ പറയുന്നു. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകനായ ബി ചാറ്റര്‍ജിയും അയാളുടെ ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തകയുമായ ദേബ്ദജനി ചാറ്റര്‍ജിയുമാണെന്ന് റേച്ചല്‍ പറഞ്ഞു. അതുകൊണ്ടാണ് പൊലീസ് പരാതി സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ചതെന്നും റേച്ചല്‍ ആരോപിച്ചു.

എന്നാല്‍ പരാതിയില്‍ പറയുന്നവരുടെ കൈയില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ തള്ളുക മാത്രമാണ് ചെയ്തത് എന്നാണ് അറിയാന്‍ സാധിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com