റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ല; പകര്‍പ്പുകള്‍ ഉപയോഗിച്ചെന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് ഏജി

സര്‍ക്കാര്‍ അതീവരഹസ്യമെന്ന് നിര്‍വചിക്കുന്ന രേഖകളുടെ ഫോട്ടോകോപ്പികള്‍ ഉപയോഗിച്ചാണ് പരാതിക്കാര്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാനാണ് താന്‍ കോടതിയില്‍ ശ്രമിച്ചത് 
റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ല; പകര്‍പ്പുകള്‍ ഉപയോഗിച്ചെന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് ഏജി

ന്യൂഡല്‍ഹി: റഫാല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. രേഖകളുടെ ഫോട്ടോ കോപ്പി ഹര്‍ജിക്കാര്‍ ഉപോയഗിച്ചു എന്നാണ് വാദിച്ചത്. രേഖകള്‍ മോഷണം പോയെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

സര്‍ക്കാര്‍ അതീവരഹസ്യമെന്ന് നിര്‍വചിക്കുന്ന രേഖകളുടെ ഫോട്ടോകോപ്പികള്‍ ഉപയോഗിച്ചാണ് പരാതിക്കാര്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കാനാണ് താന്‍ കോടതിയില്‍ ശ്രമിച്ചത്. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് താന്‍ സുപ്രീംകോടതിയില്‍ പറഞ്ഞതായി  പ്രതിപക്ഷം  തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് എജി പിടിഐയോട് പറഞ്ഞു. 

റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടന്ന് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച സുപ്രിംകോടതിയില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു. 

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയത്. റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയതായാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദം തുടരുന്നതിനിടെയാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. 

പ്രശാന്ത് ഭൂഷണ്‍ വാദത്തിനായി ആധാരമാക്കിയിരിക്കുന്ന രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് കേന്ദ്രം വാദിച്ചു. പ്രതിരോധമന്ത്രാലയത്തിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമാണ് ഇതിന് പിന്നില്‍. രേഖകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുളള കാര്യവും വേണുഗോപാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പത്രത്തിലും പുനഃപരിശോധന ഹര്‍ജിയില്‍ അനുബന്ധമായും വന്നിരിക്കുന്ന രേഖകള്‍ പ്രിവിലേജ് ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ഈ രേഖകള്‍ പുറത്ത് പോകാന്‍ പാടുളളതല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഉള്‍പ്പെടുന്ന വിഷയമാണ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത്.റഫാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെയും അഭിഭാഷകനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com