'130 കോടി ഭാരതീയരാണ് എന്റെ തെളിവ്'; പ്രതിപക്ഷത്തിന്റേത് പാക് പ്രീണനമെന്ന് പ്രധാനമന്ത്രി (വീഡിയോ)

പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് വെറുതേ പറയാന്‍ അവര്‍ വിഢ്ഢികളാണോയെന്നും മോദി ട്വിറ്ററില്‍
'130 കോടി ഭാരതീയരാണ് എന്റെ തെളിവ്'; പ്രതിപക്ഷത്തിന്റേത് പാക് പ്രീണനമെന്ന് പ്രധാനമന്ത്രി (വീഡിയോ)

ഗാസിയാബാദ്: ബലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്ക് തനിക്ക് നല്‍കാന്‍ ഉള്ളത് 130 കോടി ഭാരതീയരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം ചോദ്യങ്ങളിലൂടെ പ്രതിപക്ഷത്തിനുള്ളത്. അവര്‍ അത് ചെയ്യുന്നുമുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. രാജ്യവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആക്രമണത്തെ കുറിച്ച് ആദ്യം പുറത്ത് പറഞ്ഞത് പാകിസ്ഥാനാണ്. ഇന്ത്യ പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് വെറുതേ പറയാന്‍ അവര്‍ വിഢ്ഢികളാണോയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇതാദ്യമായാണ് ബലാകോട്ടിലെ ആക്രമണത്തെ കുറിച്ച് മോദി ട്വീറ്റ് ചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷയാണ് വലിയതെന്നും തന്റെ സര്‍ക്കാര്‍ അതിന്റെ ക്രഡിറ്റ് ഒരുഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലാകോട്ടിലെ ആക്രമണത്തിന്റെ തെളിവുകള്‍ പുറത്ത് വിടാന്‍ പ്രതിരോധ മന്ത്രാലയം തയ്യാറാവണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

ബലാകോട്ടില്‍ 300 ഭീകരരെ കൊന്നുവെന്നുള്ള അവകാശവാദം സാധൂകരിക്കുന്നതിനായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും മറ്റ് തെളിവുകളും സൈനികരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ടെലിവിഷനിലൂടെ ഭീകരരുടെ ശവമെങ്കിലും കാണണമെന്നായിരുന്നു പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്‍ പ്രദീപ് കുമാറിന്റെ അമ്മയുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com