'അമ്മയെ നഷ്ടപ്പെട്ട നമ്മെ നയിക്കാന്‍ അച്ഛനായി മോദിയുണ്ട്'- എഐഎഡിഎംകെ നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ അച്ഛനാണെന്ന് തമിഴ്‌നാട് ക്ഷീര വികസന മന്ത്രിയും എഐഎഡിഎംകെ നേതാവുമായ രാജേന്ദിര ബാലാജി
'അമ്മയെ നഷ്ടപ്പെട്ട നമ്മെ നയിക്കാന്‍ അച്ഛനായി മോദിയുണ്ട്'- എഐഎഡിഎംകെ നേതാവ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ അച്ഛനാണെന്ന് തമിഴ്‌നാട് ക്ഷീര വികസന മന്ത്രിയും എഐഎഡിഎംകെ നേതാവുമായ രാജേന്ദ്ര ബാലാജി. വിരുതുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുതൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം. അച്ഛന്റെ സ്ഥാനത്ത് നിന്ന് എഐഎഡിഎകെയെ മുന്നോട്ട് നയിക്കാന്‍ മോദിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'നമ്മള്‍ക്ക് അമ്മയെ (ജയലളിത) നഷ്ടമായി. ആ സ്ഥാനത്ത് നിന്ന് ഇപ്പോള്‍ അച്ഛനായി നയിക്കാനും പിന്തുണയ്ക്കാനും മോദിയുണ്ട് നമുക്ക്. എഐഎഡിഎംകെയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ അച്ഛനാണ് മോദി. അതുകൊണ്ടാണ് നമ്മള്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത്''- അദ്ദേഹം വ്യക്തമാക്കി. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജയലളിത മുന്നോട്ടുവച്ച 'തമിഴ്നാട്ടിലെ വനിത അല്ലെങ്കില്‍ ഗുജറാത്തിലെ മോദി' എന്ന മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ തന്റെ നേതൃത്വത്തിന് കീഴില്‍ മോദിയുടെ കീഴിലുള്ള ഗുജറാത്ത് സര്‍ക്കാരിനേക്കാള്‍ മികച്ച പ്രകടനം നടത്തുന്നതായി ജയലളിത 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39ല്‍ 37 സീറ്റുകളിലും എഐഎഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി വിജയിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കാനിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അഞ്ച് സീറ്റുകളും അവര്‍ ബിജെപിക്ക് നല്‍കിയിട്ടുണ്ട്. പട്ടാളി മക്കള്‍ കക്ഷി, പുതിയ തമിഴകന്‍ പാര്‍ട്ടികളും എന്‍ഡിഎ മുന്നണിയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com