'മോദി അടിച്ചേ...മോദി അടിച്ചേ...'; പുലര്‍ച്ചെ മുതല്‍ പാകിസ്ഥാന്‍ കരച്ചിലായിരുന്നുവെന്ന് പ്രധാനമന്ത്രി

ഭീകരാക്രമണം ഉണ്ടാകുമ്പോള്‍ മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ എന്താണ് ചെയ്തിരുന്നത്. ആഭ്യന്തരമന്ത്രിയെ മാറ്റുകയാണ് പതിവ്
'മോദി അടിച്ചേ...മോദി അടിച്ചേ...'; പുലര്‍ച്ചെ മുതല്‍ പാകിസ്ഥാന്‍ കരച്ചിലായിരുന്നുവെന്ന് പ്രധാനമന്ത്രി


നോയ്ഡ : പാകിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയശേഷം നമ്മള്‍ മിണ്ടാതിരുന്നപ്പോള്‍ പുലര്‍ച്ചെ മുതല്‍ പാകിസ്ഥാന്‍ കരച്ചിലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി അടിച്ചേ... മോദി അടിച്ചേ... എന്നായിരുന്നു പുലര്‍ച്ചെ അഞ്ചു മണി മുതല്‍ പാകിസ്ഥാന്‍ കരഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. 

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന്‍, ഉറി മോഡല്‍ മിന്നലാക്രമണം പ്രതീക്ഷിച്ചിരുന്നു. മോദി തിരിച്ചടി നല്‍കുമെന്നും അവര്‍ കണക്കുകൂട്ടിയിരുന്നു. ഇതിന്റെ ഭാഗമായി അവര്‍ അതിര്‍ത്തിയില്‍ സേനാവിന്യാസങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ നമ്മള്‍ അവര്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ വ്യോമാക്രമണമാണ് നടത്തിയത്. 

മിന്നലാക്രമണം നടത്തിയശേഷം ജനങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയശേഷം ഇന്ത്യ മിണ്ടാതിരുന്നു. എന്നാല്‍ പുലര്‍ച്ചെ അഞ്ചു മണി മുതല്‍ പാകിസ്ഥാന്‍ കരച്ചില്‍ തുടങ്ങിയിരുന്നു. വ്യോമാക്രമണം ഉണ്ടായെന്ന് പാകിസ്ഥാന്‍ സമ്മതിച്ചിട്ടുണ്ട്. വ്യോമസേനയും ആക്രമണം നടത്തിയെന്ന് വ്യക്തമാക്കി. എന്നാല്‍  വ്യോമാക്രമണത്തിന് തെളിവ് എവിടെയെന്ന് ചോദിച്ച് ഇന്ത്യയിലും ചിലര്‍ രംഗത്തുണ്ട്. അവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. 

ആരുടെ ഞരമ്പുകളിലാണ് ഇന്ത്യന്‍ രക്തം ഓടുന്നതെന്ന് ഇവര്‍ക്ക് സംശയമുണ്ടോ. ആരാണ് ഭാരത് മാതാ കീ ജയ് വിളിക്കുന്നത് എന്ന് ഇവര്‍ക്ക് സംശയമുണ്ടോ. സംശയമുന്നയിക്കാന്‍ ഇവര്‍ ആരാണ്. പ്രതിപക്ഷ വിമര്‍ശനത്തെ പരാമര്‍ശിച്ച് മോദി ചോദിച്ചു. 

ധീരന്മാരായ സൈനികരാണ് തിരിച്ചടി നല്‍കിയതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടുകളായി എന്തുകൊണ്ട് ഇത്തരം തിരിച്ചടികള്‍ ഉണ്ടായില്ലാ എന്നും മോദി ചോദിച്ചു. ഭീകരര്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും ഒരു കാര്യം മനസ്സിലായിട്ടുണ്ട്. പഴയ ഇന്ത്യയല്ല ഇതെന്ന്. അടിച്ചാല്‍ തിരിച്ചടി കിട്ടുമെന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇന്ത്യ ശകത്മായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഭീകരര്‍ പരിഭ്രാന്തിയിലായിട്ടുണ്ടെന്നും മോദി പറഞ്ഞു. 

ഭീകരാക്രമണം ഉണ്ടാകുമ്പോള്‍ മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ എന്താണ് ചെയ്തിരുന്നത്. ആഭ്യന്തരമന്ത്രിയെ മാറ്റുകയാണ് പതിവ്. ആഭ്യന്തരമന്ത്രിയെ മാറ്റിയാണോ, നയം മാറ്റിയാണോ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് . ബിജെപി സര്‍ക്കാര്‍ നയം മാറ്റുകയാണ് ചെയ്തത്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com