നീ​രവ് മോ​ദി ലണ്ടനിൽ സുഖ വാസത്തിൽ; ഒൻപത് ലക്ഷത്തിന്റെ ജാക്കറ്റ്, വ്യാ‌ജ പേരിൽ വജ്ര വ്യാപാരം (വീഡിയോ)

കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖ ജീവിതം നയിക്കുന്നതായി റിപ്പോർട്ടുകൾ
നീ​രവ് മോ​ദി ലണ്ടനിൽ സുഖ വാസത്തിൽ; ഒൻപത് ലക്ഷത്തിന്റെ ജാക്കറ്റ്, വ്യാ‌ജ പേരിൽ വജ്ര വ്യാപാരം (വീഡിയോ)

ലണ്ടന്‍: കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖ ജീവിതം നയിക്കുന്നതായി റിപ്പോർട്ടുകൾ. ദി ടെലഗ്രാഫാണ് നീരവ് മോദി ലണ്ടനിലുള്ളതായി റിപ്പോർട്ട് പുറത്തുവിട്ടത്. ലണ്ടനിലെ നിരത്തിലൂടെ നീരവ് മോദി പോകുന്നതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

പടിഞ്ഞാറന്‍ ലണ്ടനിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിലാണ് നീരവ് താമസിക്കുന്നതെന്നും മറ്റൊരു പേരില്‍ വജ്ര വ്യാപാരം നടത്തുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇപ്പോഴും വജ്ര വ്യാപാരം നടത്തുന്നുണ്ടോ, എത്ര നാള്‍ ലണ്ടനിലുണ്ടാകും തുടങ്ങിയ റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണ് നീരവ് നല്‍കുന്നത്. ഏകദേശം ഒൻപത് ലക്ഷം രൂപ വില വരുന്ന ജാക്കറ്റാണ് നീരവ് ധരിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ നീരവ് ഒരു ടാക്‌സിയില്‍ കയറി സ്ഥലം വിടുന്നതും വീഡിയോയില്‍ കാണാം. 

ലണ്ടനിലെ പ്രധാനപ്പെട്ട സ്ഥലത്ത് അത്യാഡംബര ഫ്‌ളാറ്റിലാണ് നീരവ് താമസിക്കുന്നത്. നീരവിന് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും നീരവ് കൃത്യമായി മറുപടി നല്‍കിയില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,600 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ നീരവിനും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും എതിരെ അന്വേഷണം നടത്തുന്നത്. ഇവരെ ബ്രിട്ടനില്‍ നിന്നു തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

നീരവിന്റെ മുംബൈ അലിബാഗിലെ കടലോര പ്രദേശത്തുള്ള 100 കോടി രൂപയുടെ ആഡംബര ബംഗ്ലാവ് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശ പ്രകാരം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com