രണ്ട് വിമാനങ്ങള്‍ വീഴ്ത്തിയെങ്കില്‍ തെളിവ് പുറത്തുവിടു; ബാലാകോട്ടേക്ക് മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നതെന്തിന്- പാക്കിസ്ഥാനോട് ഇന്ത്യ

ഇന്ത്യന്‍ സേനയുടെ രണ്ട് വിമാനങ്ങള്‍ വീഴ്ത്തി എന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യക്ക് ഒരു വിമാനം മാത്രമാണ് നഷ്ടമായത്
രണ്ട് വിമാനങ്ങള്‍ വീഴ്ത്തിയെങ്കില്‍ തെളിവ് പുറത്തുവിടു; ബാലാകോട്ടേക്ക് മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നതെന്തിന്- പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി ഇന്ത്യ. ശക്തവും സ്ഥിരതയുള്ളതുമായ നടപടികള്‍ സ്വീകരിച്ച് വിശ്വാസ്യത തെളിയിക്കുകയാണ് പാക് അധികൃതര്‍ ചെയ്യേണ്ടതെന്നും ഇന്ത്യ ശക്തമായ താക്കീത് നല്‍കി. 

പുതിയ പാകിസ്ഥാനും പുതിയ ചിന്തകളുമാണ് രാജ്യത്തെന്ന് പാകിസ്ഥാന്‍ അവകശപ്പെടുന്നു. അങ്ങനെയെങ്കില്‍ ഭീകര സംഘടനകള്‍ക്കെതിരെയും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പുതിയ നടപടികള്‍ സ്വീകരിക്കുകയാണ് പകിസ്ഥാന്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് നിലപാട് വ്യക്തമാക്കിയത്. 

ഇന്ത്യന്‍ സേനയുടെ രണ്ട് വിമാനങ്ങള്‍ വീഴ്ത്തി എന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യക്ക് ഒരു വിമാനം മാത്രമാണ് നഷ്ടമായത്. നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ താഴെ വീഴ്ത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അതിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കാത്തത്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ബാലാകോട്ടില്‍ മാധ്യമങ്ങളെ വിലക്കുന്നതെന്തിനാണെന്നും ഇന്ത്യ ചോദിച്ചു.  

പാകിസ്ഥാന് എഫ് 16 യുദ്ധ വിമാനം നഷ്ടമായിട്ടുണ്ട്. ഇന്ത്യന്‍ സേനയെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ എഫ് 16 അയച്ചത്. അത് വെടിവച്ചിട്ടത് അഭിനന്ദന്‍ വര്‍ത്തമാനാണ്. 

എഫ് 16 വിമാനം പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്നാണ് വാങ്ങിയത്. ഇന്ത്യന്‍ സൈന്യത്തെ തകര്‍ക്കാന്‍ ഇതുപയോഗിച്ചത് കരാര്‍ ലംഘനമാണെന്നും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുമെന്നും ഇന്ത്യ വ്യക്തമാക്കി. 

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനില്‍ വേരുകളുള്ള സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റില്ലെന്ന നിലപാടാണ് പാക് അധികൃതര്‍ സ്വീകരിക്കുന്നത്. ജെയ്‌ഷെയെ പ്രതിരോധിക്കുകയാണ് പാകിസ്ഥാന്‍. 

പാകിസ്ഥാനില്‍ ഭീകര സംഘടനകള്‍ ഒരു തടസവുമില്ലാതെ പ്രവര്‍ത്തിക്കുകയാണിപ്പോഴുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഭീകര സംഘടനകളെ പാക് മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇത് പുതിയ പാകിസ്ഥാനാണെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com