അമൃത്‌സറില്‍ നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസ്; പ്രതികരിക്കാതെ മന്‍മോഹന്‍

പഞ്ചാബിലെ അമൃത്‌സറില്‍ നിന്ന് ജനവിധി തേടണമെന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യത്തോട് സമ്മതമറിയിക്കാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
അമൃത്‌സറില്‍ നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസ്; പ്രതികരിക്കാതെ മന്‍മോഹന്‍

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്‌സറില്‍ നിന്ന് ജനവിധി തേടണമെന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യത്തോട് സമ്മതമറിയിക്കാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 

പൊതു തെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ അമൃത്‌സറില്‍നിന്നു മല്‍സരിക്കുകയാണെങ്കില്‍ പഞ്ചാബ് ജനതയ്ക്കു കൂടുതല്‍ സന്തോഷവും താല്‍പര്യവുമുണ്ടാകുമെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എന്നാല്‍ 82 കാരനായ മന്‍മോഹന്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുന്‍പും കോണ്‍ഗ്രസ് അമൃത്‌സര്‍ സീറ്റ് മന്‍മോഹനായി മാറ്റി വച്ചിട്ടുണ്ട്. 2009ലെ പൊതു തെരഞ്ഞെടുപ്പില്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിയുകയായിരുന്നു. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അമൃത്സറില്‍നിന്നാണ് മല്‍സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനോടു ജയ്റ്റ്‌ലി പരാജയപ്പെട്ടു. അമരീന്ദര്‍ സിങ് നിലവില്‍ പഞ്ചാബ് മുഖ്യമന്ത്രിയാണ്. 1991 മുതല്‍ അസമില്‍നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്റെ കാലാവധി ജൂണ്‍ 14ന് അവസാനിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ ഇതുവരെ ജയിച്ചിട്ടില്ല.

1991ല്‍ സൗത്ത് ഡല്‍ഹിയില്‍നിന്ന് മന്‍മോഹന്‍ സിങ് ലോക്‌സഭയിലേക്ക് മല്‍സരിച്ചിരുന്നു. എന്നാല്‍ ബിജെപിയിലെ വികെ മല്‍ഹോത്രയോടു തോറ്റു. അതേസമയം അസമിലെ അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മന്‍മോഹനെ വീണ്ടും രാജ്യസഭയിലെത്തിക്കാനുള്ളത്ര ശേഷി കോണ്‍ഗ്രസിനില്ല. ഇതിനായി ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com