ഒരിക്കല്‍ കൂടിയെന്ന് മോദി; മെയ് 23ന് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്

17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍
ഒരിക്കല്‍ കൂടിയെന്ന് മോദി; മെയ് 23ന് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജ്യത്തെ ഭിന്നിപ്പിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്നും കെ സി വേണുഗോപാല്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ചു. എല്ലാ മേഖലയിലും അസഹനീയമായ പ്രവര്‍ത്തനമായിരുന്നു മോദി സര്‍ക്കാര്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ മെയ് 23 ന് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ കളവുപോയ, ലോക്പാല്‍ ബില്‍ കളവുപോയ സര്‍ക്കാരാണ് മോദിയുടെത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന് കള്ളം പറഞ്ഞ മോദി സര്‍ക്കാരിന്റെ മാനിഫെസ്‌റ്റോയും  കളവുപോയിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. 

കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ചിട്ടും രാജ്യത്തെ കര്‍ഷകര്‍ക്ക് അച്ഛാദിന്‍ കൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ ജനങ്ങള്‍ മോദിയെ തുടച്ചുനീക്കുമെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും കെസി വേണുഗോപാല്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.

അതേസമയം, ശക്തവും സമൃദ്ധവും മതേതരവുമായ രാജ്യത്തിന് വേണ്ടി ബിജെപിയെ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. 
 
രണ്ടാമതും അധികാരത്തിലെത്താന്‍ ജനങ്ങള്‍ അനുഗ്രഹിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എഴുപത് വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാത്ത ജനങ്ങളുടെ പ്രഥാമിക ആവള്യങ്ങള്‍ സാധിക്കാനാണ് തങ്ങള്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com