മുകേഷ് അംബാനിയുടെ മകന്‍ വിവാഹിതനായി

മുംബൈയിലെ ബാന്ദ്ര-കുര്‍ളയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ പാരമ്പര്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.
മുകേഷ് അംബാനിയുടെ മകന്‍ വിവാഹിതനായി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണു വധു. പരമ്പരാഗത ചടങ്ങുകളോടുകൂടി നടന്ന വിവാഹത്തില്‍ വ്യവസായ പ്രമുഖരും രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു.

മുംബൈയിലെ ബാന്ദ്ര-കുര്‍ളയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ പാരമ്പര്യ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായിരുന്നു വിശിഷ്ടാതിഥികളായത്. അയ്യായിരത്തോളം അതിഥികളാണു ചടങ്ങില്‍ പങ്കെടുത്തത്. 

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, ഐശ്വര്യ റായ്, ആലിയ ബട്ട്, വിദ്യാ ബാലന്‍, കരീന കപൂര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, കരിഷ്മ കപൂര്‍, കിയാര അദ്വാനി, ജാന്‍വി കപൂര്‍ രണ്‍ബീര്‍ കപൂര്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ജൂഹി ചൗള തുടങ്ങി നീണ്ട ബോളിവുഡ് താരനിര എത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഹീര്‍ ഖാന്‍, മഹേല ജയവര്‍ധന, ഹര്‍ഭജന്‍ സിങ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.

ആകാശും ശ്ലോകയും സ്‌കൂള്‍ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തിയത്. റസല്‍ മേത്തയുടെയും മോണയുടെയും മൂന്നു മക്കളില്‍ ഇളയവളായ ശ്ലോക ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയുണ്ട്. നിലവില്‍ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണ്. റിലയന്‍സ് ജിയോയുടെ ചുമതലയാണ് ആകാശിന്.

മുകേഷ് അംബാനിയുടെ പിതാവ് ധിരു ഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്കു തുടങ്ങിയത്. കലാപരിപാടികളും വര്‍ണാഭമായ മ്യൂസിക്ക് ഫൗണ്ടനും വിവാഹചടങ്ങുകള്‍ക്കു മാറ്റു കൂട്ടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും വേണ്ടി വേറെ സല്‍ക്കാരം നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com