ലോക്‌സഭാ തെരഞ്ഞടുപ്പ്  തിയ്യതികള്‍ ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട്

 വൈകീട്ട് അഞ്ചിന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തുക
ലോക്‌സഭാ തെരഞ്ഞടുപ്പ്  തിയ്യതികള്‍ ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട്

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയിലേക്കുള്ളതെരഞ്ഞടുപ്പ് തീയ്യതി ഇന്ന് പ്രഖ്യാപിക്കും.  വൈകീട്ട് അഞ്ചിന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തുക. ലോക്‌സഭാ തെരഞ്ഞടുപ്പിനൊപ്പം ഏതാനും സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞടുപ്പ് തിയ്യതികളും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

വൈകിട്ട് അഞ്ച് മണിക്ക് വിജ്ഞാന്‍ ഭവനിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും. ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്നതിനാല്‍ വിപുലമായ ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് പൊതുതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം,ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതു കൂടാതെ രാഷ്ട്രപതി ഭരണം നിലവിലുള്ള ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. 

ഏപ്രില്‍ - മെയ് മാസങ്ങളിലായിട്ടായിരിക്കും തെരഞ്ഞടുപ്പ് നടത്തുക. ഒന്‍പത് ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. മെയ് പകുതിയോടെ ഫലപ്രഖ്യാപനം നടത്തി തെരഞ്ഞടുപ്പ് പ്രക്രിയ പൂര്‍ത്തികരിക്കാനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. 

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചിരുന്നത്. മെയ് 12ഓടെ വോട്ടെടുപ്പുകള്‍ പൂര്‍ത്തിയാക്കി മെയ് 16ന് ഫലം പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ രണ്ടിന് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. അതിനനുസരിച്ചുള്ള പട്ടികയാകും തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുക. കഴിഞ്ഞ തെരഞ്ഞടുപ്പിനെക്കാള്‍ അഞ്ച് ദിവസം വൈകിയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.  തെരഞ്ഞെടുപ്പ് ആസന്നമായതോടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള പക്രിയയില്‍ സജീവമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com