200ലധികം യുവതികളുടെ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍, ബ്ലാക്ക് മെയില്‍, ഞെട്ടല്‍; പൊളളാച്ചി പീഡനക്കേസ് സിബിഐക്ക് 

തമിഴ്‌നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം
200ലധികം യുവതികളുടെ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍, ബ്ലാക്ക് മെയില്‍, ഞെട്ടല്‍; പൊളളാച്ചി പീഡനക്കേസ് സിബിഐക്ക് 

ചെന്നൈ:തമിഴ്‌നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംഭവത്തില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ പങ്ക്് അന്വേഷിക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പൊളളാച്ചിയില്‍ ഉള്‍പ്പെടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. നേരത്തെ കേസ് സിബിസിഐഡിക്ക് കൈമാറിയിരുന്നു. 

നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ തമിഴ്‌നാട് പൊലീസ് മേധാവിയെ നേരില്‍ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.കമല്‍ഹാസന്‍ ആയിരുന്നു സംഭവത്തില്‍ ആദ്യം ഇടപെട്ടത്. ഇരകളാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും കോളേജ് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് പൊളളാച്ചിയില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകന് എതിരെയുളള നടപടി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആരോപിച്ചു. പീഡനക്കേസില്‍ ഡിഎംകെ രാഷ്ട്രീയം കളിക്കുകയാണെന്ന് എഐഎഡിഎംകെ തിരിച്ചടിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ശബരീശ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഏഴു വര്‍ഷംകൊണ്ട് പ്രതികള്‍ ഇരുന്നൂറിലധികം യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനത്തിന് യുവതികളെ ഇരയാക്കിയെന്ന് പ്രതികള്‍ സമ്മതിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വലയിലാക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തും.

പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതികളില്‍ ഒരാളായ തിരുനാവരശ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യര്‍ഥന നടത്തിയശേഷം സംസാരിക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി നിര്‍ബന്ധിച്ചു കാറില്‍ കയറ്റി. വഴിയില്‍വച്ച് മറ്റു മൂന്നു പ്രതികള്‍കൂടി കാറില്‍കയറി. നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതോടെയാണ് പരാതി പൊലീസ് സ്‌റ്റേഷനിലെത്തിയത്. പ്രതികളില്‍ ഒരാളെ പിടികൂടിയ പൊലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടി. കൊടിയ പീഡനത്തിന് ഇരയാകുന്ന നൂറിലധികം യുവതികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഞെട്ടിച്ച ഈ കേസ് പ്രചരണരംഗത്ത് ചര്‍ച്ചാവിഷയമാകുമെന്ന് ഉറപ്പായി. അണ്ണാഡിഎംകെ എംഎല്‍എ എന്‍.ജയരാമന്‍, മന്ത്രി എസ്.പി.വേലുമണി എന്നിവരുടെ മക്കള്‍ക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന് ഡിഎംകെ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com