മോഹന്‍ലാലിന് മോദിയുടെ ട്വീറ്റ്; വോട്ടിംഗ് ശതമാനം ഉയര്‍ത്തണം

'വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാര്‍ഡുകളും നിങ്ങള്‍ നേടിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് മോദി'
മോഹന്‍ലാലിന് മോദിയുടെ ട്വീറ്റ്; വോട്ടിംഗ് ശതമാനം ഉയര്‍ത്തണം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും സിനിമാ താരങ്ങളോടും കായിക താരങ്ങളോടും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദിയുടെ അഭ്യര്‍ത്ഥന. രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എംകെസ്റ്റാലിന്‍ എന്നിവരെ ടാഗ് ചെയ്താണ് മോദിയുടെ അഭ്യര്‍ത്ഥന.

സിനിമാ താരങ്ങളായ മോഹന്‍ലാല്‍, നാഗാര്‍ജുന അക്കിനേനി എന്നിവരോടും വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 'വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാര്‍ഡുകളും നിങ്ങള്‍ നേടിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്താനും വോട്ട് ചെയ്യാന്‍ അവരെ പ്രചോദിപ്പിക്കണമെന്നുമാണ് മോദിയുടെ അഭ്യര്‍ത്ഥന. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഭൂമി പട്‌നേക്കര്‍, ആയുഷ് മാന്‍ ഖുറേന, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, എ.ആര്‍.റഹ്മാന്‍ തുടങ്ങിയവരോടും മോദി ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പോളിങ് ബൂത്തുകളിലേക്ക് കഴിയാവുന്നത്ര വോട്ടര്‍മാരെ എത്തിക്കാന്‍ പരിശ്രമിക്കണമെന്ന് നവീന്‍ പട്‌നായിക്, എച്ച്ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, നിതീഷ് കുമാര്‍, റാം വിലാസ് പസ്വാന്‍, എന്നിവരോടും ട്വിറ്ററിലൂടെ മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വോട്ടിങ്ങിനെക്കുറിച്ചുളള ബോധവത്കരണ പരിപാടികള്‍ ഇതിന് സഹായകരമാകുമെന്നും അ്ദ്ദഹം പറയുന്നു.

ആത്മീയ നേതാക്കളായ ശ്രീ ശ്രീ രവിശങ്കര്‍, സദ്ഗുരു, രാംദേവ് എന്നിവരോടും, കായിക താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മകിടംബി ശ്രീകാന്ത്, പി.വി.സിന്ധു, സൈന നെഹ്‌വാള്‍ എന്നിവരോടും മാധ്യമങ്ങളോടും ജനങ്ങളോടും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞടുപ്പ്. മേയ് 23ന് ആണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com