സൂര്യോദയം നിരോധിക്കുമോ, തടാകങ്ങളിലെ താമര പിഴുതെറിയുമോ; കൈ നോട്ടക്കാരോട് കൈപ്പത്തി ഉപയോ​ഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ പരസ്യങ്ങളിലും ബോര്‍ഡുകളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
സൂര്യോദയം നിരോധിക്കുമോ, തടാകങ്ങളിലെ താമര പിഴുതെറിയുമോ; കൈ നോട്ടക്കാരോട് കൈപ്പത്തി ഉപയോ​ഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


ബംഗളൂരു: കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ പരസ്യങ്ങളിലും ബോര്‍ഡുകളിലും കൈപ്പത്തിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ കൈ നോട്ടക്കാർക്കും ജ്യോതിഷികൾക്കുമാണ് കമ്മീഷന്റെ നിർദേശം. ഇതേത്തുടർന്ന് കൈനോട്ടക്കാരുടെയും ജ്യോതിഷികളുടേയും വീടുകളില്‍ കയറിയിറങ്ങി കൈപ്പത്തി ചിഹ്നം മറക്കുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം തങ്ങളുടെ ജോലിയുടെ പ്രതീകമായി മാറിയ ഈ കൈപ്പത്തി ചിത്രങ്ങള്‍ കണ്ടില്ലെങ്കില്‍ ജനങ്ങള്‍ തങ്ങളെ തേടി വരില്ലെന്ന ആശങ്കയിലാണ് കൈനോട്ടക്കാര്‍. ഇത് തങ്ങളുടെ തൊഴിലിനെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഇവര്‍ പറയുന്നു. കൈപ്പത്തി ചിഹ്നങ്ങള്‍ തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് എന്നുള്ള കാരണത്താല്‍ ഇത് ഉപയോഗിക്കരുത് എന്ന് പറയാന്‍ കമ്മീഷന്‌ എന്താണ് അവകാശമെന്നും ഇവർ ചോദിക്കുന്നു. 

കൈപ്പത്തി മറയ്ക്കാന്‍ പരിശ്രമിക്കുന്ന കമ്മീഷന്‍ മറ്റ് പാര്‍ട്ടികളുടെ ചിഹ്നങ്ങളായ താമര, ടോര്‍ച്ച്, സൈക്കിള്‍, ഫാന്‍, ആന, രണ്ടില ഇവയൊന്നും കാണുന്നില്ലെ എന്നാണ് ചിലരുടെ ചോദ്യം. ഡിഎംകെയുടെ ചിഹ്നം ഉദയ സൂര്യനാണെന്നും നാളെ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂര്യോദയം നിരോധിക്കുമോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. തടാകങ്ങളില്‍ നിന്ന് താമരകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ തയ്യാറാകുമോയെന്നും കൈനോട്ടക്കാര്‍ ചോദിക്കുന്നു. 

സുതാര്യവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് നടത്താനായി കമ്മീഷന്‍ ഇത്തരം ബാലിശമായ കാര്യങ്ങളല്ല ചെയ്യേണ്ടതെന്നും മറിച്ച് വലിയ രീതിയിലുള്ള കൃത്രിമങ്ങളും പണത്തിന്റെ ഒഴുക്കും തടയുകയാണ് വേണ്ടതെന്നും ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് ഭാരവാഹികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. പെരുമാറ്റച്ചട്ടത്തെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും അതിനായി കമ്മീഷന്‍ യുക്തിസഹമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com