ഭീം ആര്‍മിയെ കൂടെനിര്‍ത്തി ബിഎസ്പി വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ്: പ്രിയങ്ക ഗാന്ധി ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലെ ദലിത് നേതാവും ഭീം ആര്‍മി പാര്‍ട്ടി മേധാവിയുമായ ചന്ദ്രശേഖര്‍ ആസാദുമായി തെരഞ്ഞെടുപ്പുസഖ്യത്തിനു കോണ്‍ഗ്രസ് നീക്കം
ഭീം ആര്‍മിയെ കൂടെനിര്‍ത്തി ബിഎസ്പി വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ്: പ്രിയങ്ക ഗാന്ധി ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദലിത് നേതാവും ഭീം ആര്‍മി പാര്‍ട്ടി മേധാവിയുമായ ചന്ദ്രശേഖര്‍ ആസാദുമായി തെരഞ്ഞെടുപ്പുസഖ്യത്തിനു കോണ്‍ഗ്രസ് നീക്കം. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ മീററ്റിലെ ആശുപത്രിയില്‍ ആസാദിനെ സന്ദര്‍ശിച്ചത് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്.

ബിഎസ്പി നേതാവ് മായാവതിയുടെ ദലിത് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ആസാദിന്റെ പിന്തുണ ഉപകരിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസുമായി ഒരു ധാരണയ്ക്കുമില്ലെന്നു കഴിഞ്ഞദിവസം മായാവതി വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പ്രകടനം നയിച്ച ആസാദിനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതല്‍ വാഹനങ്ങള്‍ പ്രകടനത്തിന് ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടിയായിരുന്നു അറസ്റ്റ്. 

രാജ്യത്തെ യുവാക്കളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രിയങ്ക ആരോപിച്ചു. തിരഞ്ഞെടുപ്പ് സഖ്യവുമായി തന്റെ സന്ദര്‍ശനത്തെ കൂട്ടിയിണക്കേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വാരാണസിയില്‍ നരേന്ദ്ര മോദിയെ തോല്‍പിക്കുമെന്ന് ആസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവിടെ എസ്പി-ബിഎസ്പി സഖ്യം മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ താന്‍ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയവേളയില്‍ കേന്ദ്ര മാനവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ തോല്‍വി ഉറപ്പാക്കാനും ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് കരുതുന്ന സ്മൃതിയെ തോല്‍പിക്കുന്നതിന് ആസാദിന്റെ പിന്തുണ ഉറപ്പാക്കാന്‍ കൂടിയാണ് പ്രിയങ്കയുടെ സന്ദര്‍ശനമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com