മന്‍ കി ബാത്ത് പൂര്‍ണ പരാജയം; ഓരോ വര്‍ഷം കഴിയും തോറും ശ്രോതാക്കളുടെ എണ്ണത്തില്‍ കുറവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസാന്ത റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പൂര്‍ണ പരാജയമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
മന്‍ കി ബാത്ത് പൂര്‍ണ പരാജയം; ഓരോ വര്‍ഷം കഴിയും തോറും ശ്രോതാക്കളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസാന്ത റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പൂര്‍ണ പരാജയമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആകാശവാണിയിലൂടെ മാസത്തില്‍ ഒരു തവണ ജനങ്ങളെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കുന്ന പരിപാടിയാണ് മന്‍ കി ബാത്ത്. 

വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്. ഡല്‍ഹി സ്വദേശിയായ സമൂഹിക പ്രവര്‍ത്തകന്‍ യൂസുഫ് നഖി നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യമുള്ളത്. ഹിന്ദിയിലും ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളിലും മന്‍ കി ബാത്ത് കേള്‍ക്കാനുള്ള സൗകര്യം അകാശവാണി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ശരാശരി ശ്രോതാക്കള്‍ മാത്രമാണ് ഇത് കേള്‍ക്കുന്നത് എന്നാണ് ആകാശവാണി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്. 

ഓരോ വര്‍ഷം കഴിയും തോറും ശ്രോതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് രേഖകള്‍ കാണിക്കുന്നത്. 2015ല്‍ 30.82 ശതമാനം ശ്രോതാക്കളുണ്ടായിരുന്നു. എന്നാല്‍ 2016ല്‍ അത് 25.82 ശതമാനമായി കുറഞ്ഞു. 2017ല്‍ ഇത് 22.67 ശതമാനത്തിലെത്തി. പരിപാടിക്ക് ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഏറ്റവും കൂടുതല്‍ കേള്‍വിക്കാരുള്ളത് പട്‌നയിലാണ്. 

മന്‍ കി ബാത്ത് എഐആറിനെ സംബന്ധിച്ച് പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണെന്ന് രേഖകളില്‍ പറയുന്നു. ആകാശവാണിയുടെ മറ്റ് പരിപാടികള്‍ക്കിടയിലെ പരസ്യ വരുമാനം പത്ത് സെക്കന്‍ഡ് സമയത്തേക്ക് 500, 1500 രൂപ വരെയാണ്. അതേസമയം മന്‍ കി ബാത്ത് പ്രക്ഷേപണ സമയത്തെ പരസ്യ വരുമാനം പത്ത് സെക്കന്‍ഡില്‍ രണ്ട് ലക്ഷം രൂപ വരെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com