ബിജെപിയില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്യാനില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ദിഗംബര്‍ കാമത്ത്

ബിജെപില്‍ ചേരാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത്
ബിജെപിയില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്യാനില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ദിഗംബര്‍ കാമത്ത്

പനാജി: ബിജെപില്‍ ചേരാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേയാണ് അഭ്യൂഹങ്ങള്‍ പരന്നത്.  പരീക്കറിന് പകരം കാമത്തിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ആലോചിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഇതിനെതരെ രംഗത്തെത്തിയ കാമത്ത്, ബിജെപിയില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്യാനില്ലെന്ന്  പ്രതികരിച്ചു. 

2005ല്‍ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ കാമത്ത് വീണ്ടും ബിജെപിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ന്യൂഡല്‍ഹിയിലേക്ക് പോകുന്നതെന്നും തികച്ചും സ്വകാര്യ സന്ദര്‍ശനം മാത്രമാണിതെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാമത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയാണ് ബിജെപിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും പ്രതികരിച്ചു. കാമത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ബിജെപി ബോധപൂര്‍വം അപവാദ പ്രചാരണം നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

കാമത്ത് ബിജെപിയില്‍ ചേരുന്ന സാഹചര്യത്തെപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ നേരത്തെ അവകാശപ്പെട്ടിരുന്നു. ബിജെപി എംഎല്‍എമാരുടെ യോഗം ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്തുരുന്നു. എന്നാല്‍, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാവും കൈക്കൊള്ളുകയെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഞായറാഴ്ച രാത്രിയോടെ അന്തരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com