'കാവല്‍ക്കാരനെ ഞങ്ങള്‍ക്ക് നേപ്പാളില്‍ നിന്ന് കിട്ടും, വേണ്ടത് പ്രധാനമന്ത്രിയെ'; മോദിയെ വിമര്‍ശിച്ച് കൗമാരക്കാരന്‍; വീഡിയോ

കാവല്‍ക്കാരന്‍ പ്രയോഗം രാജ്യശ്രദ്ധ നേടിയതിന് പിന്നാലെ മോദിയുടെ കാമ്പെയ്‌നിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൗമാരക്കാരന്‍
'കാവല്‍ക്കാരനെ ഞങ്ങള്‍ക്ക് നേപ്പാളില്‍ നിന്ന് കിട്ടും, വേണ്ടത് പ്രധാനമന്ത്രിയെ'; മോദിയെ വിമര്‍ശിച്ച് കൗമാരക്കാരന്‍; വീഡിയോ


ദേശിയ രാഷ്ട്രീയത്തില്‍ ചൗക്കീദാര്‍ പ്രയോഗം ചൂടുപിടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ അടുത്തിടെ മോദിയുടെ കാമ്പെയ്‌നിലൂടെയാണ് ഈ വാക്ക് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹേ) എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് തടയിടുന്നതിനായാണ് ട്വിറ്ററിലെ പേരിനൊപ്പം മോദി ചൗക്കീദാര്‍ എന്ന് ചേര്‍ത്തത്. ഇതിന് പിന്നാലെ ബിജെപിനേതാക്കളും പാര്‍ട്ടിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരും മോദിയെപ്പോലെ പേരിനൊപ്പം ചൗക്കീദാര്‍ എന്നു ചേര്‍ത്തു. കാവല്‍ക്കാരന്‍ പ്രയോഗം രാജ്യശ്രദ്ധ നേടിയതിന് പിന്നാലെ മോദിയുടെ കാമ്പെയ്‌നിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൗമാരക്കാരന്‍. ഒരു ടിവി പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. 

കാവല്‍ക്കാരനെ ഞങ്ങള്‍ക്ക് നേപ്പാളില്‍ നിന്ന് കിട്ടുമെന്നും രാജ്യത്തിന് ഇപ്പോള്‍ ആവശ്യം നല്ല പ്രധാനമന്ത്രിയെ ആണെന്നുമാണ് കൗമാരക്കാരന്‍ പറഞ്ഞത്. കൂടാതെ മോദി കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും കുട്ടി പറയുന്നുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ചും രാജ്യ പുരോഗതിയെക്കുറിച്ചുമുള്ള മോദിയുടെ അഭിപ്രായങ്ങളെയാണ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 

ചിലപ്പോള്‍ നിങ്ങള്‍ ഈ രാജ്യത്തെ ചെറുപ്പക്കാരോട് പക്കവട ഉണ്ടാക്കാന്‍ പറയുന്നു. മറ്റ് ചിലപ്പോള്‍ കാവല്‍ക്കാരെ കുറിച്ച് പറയുന്നു. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കാവല്‍ക്കാരനെ നേപ്പാളില്‍ നിന്ന് കിട്ടും. രാജ്യത്തിന് ആവശ്യമുള്ളത് കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ്, കാവല്‍ക്കാരനെയല്ല. 2014ന് മുന്‍പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി ജനിച്ചപ്പോള്‍ ശാസ്ത്ര വിദ്യഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റര്‍ സ്ഥാപിച്ചിരുന്നു. അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍, ഗില്ലി ദണ്ട കളിച്ചു നടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാ നംഗല്‍ അണക്കെട്ട് പണിതിട്ടുണ്ട്.' കൗമാരക്കാരന്‍ പറഞ്ഞു. 

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബിജെപി വക്താവിനെ സ്്‌റ്റേജില്‍ ഇരുത്തിയാണ് വിമര്‍ശനം അഴിച്ചുവിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് കൗമാരക്കാന്റെ വാക്കുകള്‍ സദസ്സ് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com