ബിജെപിയുടെ അഭിമാനപ്പോരാട്ടത്തിന് അഡ്വാനി ഉണ്ടാകുമോ? സസ്‌പെന്‍സ് ഇനിയും നീളും

1991 ലാണ് ഗാന്ധി നഗറില്‍ നിന്നും അഡ്വാനിആദ്യമായി ലോക്‌സഭയില്‍ എത്തുന്നത് പിന്നെ 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ മണ്ഡലം അഡ്വാനി ക്കൊപ്പം നിന്നു. 
ബിജെപിയുടെ അഭിമാനപ്പോരാട്ടത്തിന് അഡ്വാനി ഉണ്ടാകുമോ? സസ്‌പെന്‍സ് ഇനിയും നീളും

 ന്യൂഡല്‍ഹി:  ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി ഇറക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ എല്‍ കെ അഡ്വാനി ഉണ്ടാകുമോ എന്നതില്‍
തീരുമാനമാകാതെ തുടരുന്നു. ഗാന്ധി നഗറിലെ വിജയ സാധ്യത ഉറപ്പുള്ള സീറ്റില്‍ നിന്ന് 91 കാരനായ അഡ്വാനി ഇത്തവണയും ജനവിധി തേടുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി ദേശീയ നേതൃത്വത്തിനും വ്യക്തമായ ഉത്തരമില്ല.

സീറ്റില്‍ അഡ്വാനി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് അഡ്വാനി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്. ഗാന്ധി നഗര്‍ സീറ്റിന്‍മേല്‍ മറ്റ് നേതാക്കളും ഇതുവരേക്കും അവകാശവാദം ഉന്നയിച്ചിട്ടില്ല. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1991 ലാണ് ഗാന്ധി നഗറില്‍ നിന്നും അഡ്വാനി ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത് പിന്നെ 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ മണ്ഡലം അഡ്വാനി
ക്കൊപ്പം നിന്നു. ബാബറി മസ്ജിദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 96 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് അഡ്വാനിക്ക് ഒഴിഞ്ഞു നില്‍ക്കേണ്ടി വന്നിരുന്നു. 

92 ലായിരുന്നു ദേശീയ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച് അഡ്വാനി
രഥയാത്ര നടത്തിയത്. പാര്‍ട്ടിയിലെ അനിഷേധ്യ നേതാവെന്ന നിലയില്‍ നിന്നും മോദി -അമിത് ഷാ കൂട്ടുകെട്ട് അഡ്വാനിയെ വെറും കാഴ്ചക്കാരന്റെ റോളിലേക്ക് ചുരുക്കി. പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്ത് വന്നു. പൊതു പരിപാടികളില്‍ പോലും അഡ്വാനിയെ അവഗണിക്കുന്ന പ്രധാനമന്ത്രിയുടെ പെരുമാറ്റം ചര്‍ച്ചയായി.  

ഹിന്ദുരാഷ്ട്രീയം പറയുന്ന പാര്‍ട്ടി എന്നതിനപ്പുറത്തേക്ക് അധികാരത്തിന്റെ ഇടനാഴികളിലേക്കും ഒടുവില്‍ ഭരണത്തിലേക്കും ബിജെപിയെ എത്തിച്ചതില്‍ അഡ്വാനിക്കുള്ള പങ്ക് ചെറുതല്ല. 2014 എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നേതാവായിരുന്നു അഡ്വാനി. എന്നാല്‍ കണക്കു കൂട്ടലുകളും പാര്‍ട്ടിക്കുള്ളിലെ മാറിയ അധികാര കേന്ദ്രങ്ങളും അദ്ദേഹത്തെ കൈവിട്ടു.

പിന്നീടങ്ങോട്ട് കഴിഞ്ഞ അഞ്ച് വര്‍ഷം അഡ്വാനിയുടെ ശബ്ദമുയര്‍ന്ന് ആരും കേട്ടിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. 92% അറ്റന്‍ഡന്‍സ്‌ ഉണ്ടായിട്ടും വെറും 365 വാക്കുകള്‍ മാത്രമാണ്  അഡ്വാനിയില്‍ നിന്നും പുറത്ത് വന്നതെന്നും ലോക്‌സഭാ റെക്കോര്‍ഡുകള്‍ പറയുന്നു. 2014 ഡിസംബര്‍ 19 ന് ശേഷം ലോക്‌സഭയില്‍ അഡ്വാനി ശബ്ദിച്ചിട്ടില്ല.  യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കിയ 'ബിജെപിയുടെ ഉരുക്കു മനുഷ്യന്‍' മോദി സര്‍ക്കാരിന്റെ കാലത്ത് നിശബ്ദനായ മറ്റൊരു ലാല്‍ കൃഷ്ണ അഡ്വാനിയായി മാറുകയായിരുന്നു.  പ്രധാനമായ എല്ലാ ചുമതലകളില്‍ നിന്നും ഒഴിച്ച് നിര്‍ത്താന്‍ പാര്‍ട്ടിയും ഒഴിയാന്‍ അദ്ദേഹവും ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ ഇനിയൊരിക്കല്‍ കൂടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഡ്വാനി
മത്സര രംഗത്തുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com