സമൂഹ മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ; 24 മണിക്കൂറിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

1951 ലെ ജനപ്രാതിനിധ്യ നിയമം പാലിക്കുന്ന തരത്തിലാവണം തെരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും മറിച്ചുള്ള ശ്രമങ്ങള്‍ അതത് സമയത്ത് നീക്കം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല
സമൂഹ മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ; 24 മണിക്കൂറിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് ചട്ടം കൊണ്ടു വരുന്നത്. 24 മണിക്കൂറിനകം ഇതിനായുള്ള നിബന്ധനകള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്കും ഫേസ്ബുക്ക് ,ട്വിറ്റര്‍, ടിക് ടോക് പോലുള്ള സമൂഹ മാധ്യമങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 

തെരഞ്ഞെടുപ്പില്‍ സമൂഹ മാധ്യമങ്ങളുടെ കൈകടത്തലും ദുരുപയോഗം ചെയ്യലും എങ്ങനെ ഒഴിവാക്കാം എന്ന് ചര്‍ച്ച ചെയ്യുന്നതിനായി കമ്മീഷന്‍ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സമൂഹ മാധ്യമങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമം പാലിക്കുന്ന തരത്തിലാവണം തെരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും മറിച്ചുള്ള ശ്രമങ്ങള്‍ അതത് സമയത്ത് നീക്കം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 

നിശബ്ദ പ്രചാരണ സമയത്ത് ടെലിവിഷനിലൂടെയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ക്യാമ്പെയിനുകള്‍ നടത്തുന്നത് വിലക്കിയുള്ള 126-ാം വകുപ്പ് സമൂഹ മാധ്യമങ്ങള്‍ക്കും ബാധകമാക്കി. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായുള്ള വാര്‍ത്തകള്‍ പരമാവധി മൂന്ന് മണിക്കൂറിനിള്ളില്‍ നീക്കം ചെയ്തിരിക്കണമെന്നും കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പരസ്യങ്ങള്‍ മാത്രമേ സമൂഹ മാധ്യമങ്ങളില്‍ നല്‍കാവൂ എന്ന വ്യവസ്ഥയും നിലവില്‍ വരും. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇതിനുള്ള ശ്രമങ്ങള്‍ ട്വിറ്ററും ഗൂഗിളുമുള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ ആരംഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com