സുമലതയുടെയും നിഖിലിന്റെയും സിനിമകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ; ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കില്ല

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡെപ്യൂട്ടി കമ്മീഷണറും മാണ്ഡ്യ റിട്ടേണിംഗ് ഓഫീസറുമായ മഞ്ജുശ്രീയാണ് ഉത്തരവ് പുറപ്പെടുവിച്ചത്
സുമലതയുടെയും നിഖിലിന്റെയും സിനിമകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ; ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കില്ല


ബംഗലൂരു: മാണ്ഡ്യ ലോക്‌സഭ സീറ്റില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളും സിനിമാ താരങ്ങളുമായ സുമലതയുടെയും നിഖില്‍ കുമാരസ്വാമിയുടെയും ചിത്രങ്ങള്‍ക്ക് വിലക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇരുവരുടെയും സിനിമകള്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ പ്രദര്‍ശിപ്പിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ദൂരദര്‍ശനോട് ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡെപ്യൂട്ടി കമ്മീഷണറും മാണ്ഡ്യ റിട്ടേണിംഗ് ഓഫീസറുമായ മഞ്ജുശ്രീയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ ചാനലുകള്‍ക്കും സിനിമാ തിയേറ്ററുകള്‍ക്കും വിലക്ക് ബാധകമല്ല. പൊതുതെരഞ്ഞെടുപ്പിന്‍രെ രണ്ടാംഘട്ടമായ ഏപ്രില്‍ 18 നാണ് മാണ്ഡ്യയില്‍ വോട്ടെടുപ്പ്. 

മാണ്ഡ്യ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുമലത ജനവിധി തേടുന്നത്. സിനിമാനടനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷിന്റെ ഭാര്യയാണ് സുമലത. അംബരീഷ് പ്രതിനിധീകരിച്ചിരുന്ന മാണ്ഡ്യ സീറ്റ് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് തനിക്ക് വേണമെന്ന് സുമലത കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. 

സുമലതയ്ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, സഖ്യകക്ഷിയായ ജെഡിഎസ് മാണ്ഡ്യ സീറ്റിനായി പിടിവാശി തുടര്‍ന്നു. തുടര്‍ന്ന് ജെഡിഎസിന്റെ നിര്‍ബന്ധത്തിന് കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുമലത സ്വതന്ത്രയായി മല്‍സരിക്കുന്നത്. ഇവിടെ, ജനതാദള്‍ എസ് ടിക്കറ്റിലാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനായ നിഖില്‍ ജനഹിതം തേടുന്നത്. 

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലെ അറിയപ്പെടുന്ന നടിയാണ് സുമലത. നിഖില്‍ നായകനായ രണ്ട് കന്നഡ സിനിമകളാണ് എത്തിയത്. ജാഗ്വാര്‍, സീതാരാമ കല്യാണ എന്നിവ. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുവരുടെയും പോരാട്ടം ഫിലിം ഇന്‍ഡസ്ട്രിയിലും ഭിന്നതയ്ക്ക് വഴിതെളിച്ചു. സൂപ്പര്‍ താരങ്ങളായ ദര്‍ശന്‍, യാഷ് എന്നിവരെല്ലാം സുമലതയെ പിന്തുണയ്ക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com