പിടിക്കപ്പെടാതിരിക്കാന്‍ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ആലോചിച്ചു, വനൗട്ടുവില്‍ പൗരത്വത്തിനും ശ്രമിച്ചു

വായ്പ തട്ടിപ്പ് നടത്തിയശേഷം മുങ്ങി ബ്രിട്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദി പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്ത്
പിടിക്കപ്പെടാതിരിക്കാന്‍ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ആലോചിച്ചു, വനൗട്ടുവില്‍ പൗരത്വത്തിനും ശ്രമിച്ചു

ന്യൂഡല്‍ഹി : 13,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയശേഷം മുങ്ങി ബ്രിട്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദി പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്ത്. പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് നീരവ് മോദി ആലോചിച്ചത്.

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും രക്ഷപ്പെടുന്നതിനായി പസഫിക് ദ്വീപ് രാജ്യങ്ങളിലൊന്നായ വനൗട്ടുവില്‍ പൗരത്വത്തിനും നീരവ് മോദി അപേക്ഷിച്ചു. ആസ്‌ട്രേലിയയില്‍ നിന്നും 1750 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ദ്വീപുരാഷ്ട്രമാണ് വനൗട്ടു. കൂടാതെ സിംഗപ്പൂരില്‍ സ്ഥിരതാമസത്തിനുള്ള അനുമതിക്കും അദ്ദേഹം ശ്രമിച്ചു. 

ബ്രിട്ടനിലെ വന്‍ നിയമ കമ്പനിയുമായി ബന്ധപ്പെട്ടാണ് മൂന്നാംലോക രാജ്യങ്ങളിലൊന്നില്‍ സുരക്ഷിത താവളം കണ്ടെത്താന്‍ നീരവ് മോദി ശ്രമിച്ചത്. വായ്പ തട്ടിപ്പിനെ തുടര്‍ന്ന് 2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. 

തുടര്‍ന്ന് 15 മാസത്തോളമായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് ബ്രിട്ടനില്‍ കഴിയുകയായിരുന്നു. എന്നാല്‍ നീരവിന്റെ രഹസ്യ നീക്കങ്ങളെല്ലാം ഇന്ത്യന്‍ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. യൂറോപ്പിലെയും യുഎഇയിലെയും യാത്രകള്‍, സാമ്പത്തിക ഇടപാടുകള്‍, കൂടിക്കാഴ്ചകള്‍ എന്നിവയുടെയെല്ലാം വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. 

അതേസമയം നീരവിന്റെ അമ്മാവനായ മെഹുല്‍ ചോക്‌സി 2017 ല്‍ തന്നെ ആന്റിഗ്വ ആന്റ് ബാര്‍ബഡയില്‍ പൗരത്വം നേടിയിരുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്റര്‍പോള്‍ മുഖേന മെഹല്‍ ചോക്‌സിക്കും നീരവ് മോദിക്കും റെഡ്‌കോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണെന്നാണ് മെഹുല്‍ ചോക്‌സി ഇന്റര്‍പോളിനെ അറിയിച്ചത്. 

എന്നാല്‍ ഇന്ത്യയ്ക്ക് വെളിയിലായതിനാല്‍ താന്‍ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു നീരവ് മോദിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പുതിയ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനായി കഴിഞ്ഞ ദിവസം ലണ്ടന്‍ മെട്രോബ്രാഞ്ചിലെത്തിയപ്പോഴാണ് നീരവ് മോദി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ പിടിയിലാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com