ബാങ്ക് ക്ലര്‍ക്കിന്റെ ഇടപെടലില്‍ നീരവ് മോദിയുടെ അറസ്റ്റ്, ലണ്ടനിലെ വാസം 18 ലക്ഷം രൂപ ശമ്പളത്തിലെത്ത് അഭിഭാഷകര്‍

ബാങ്ക് ക്ലര്‍ക്കിന്റെ ഇടപെടലില്‍ നീരവ് മോദിയുടെ അറസ്റ്റ്, ലണ്ടനിലെ വാസം 18 ലക്ഷം രൂപ ശമ്പളത്തിലെത്ത് അഭിഭാഷകര്‍

ബാങ്കിലേക്ക് എത്തിയ നീരവ് മോദിയെ തിരിച്ചറിഞ്ഞ ബാങ്ക് ക്ലര്‍ക്ക് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെ വിവരം അറിയിച്ചു

1300 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. ലണ്ടനിലെ മെട്രോ ബാങ്ക് ബ്രാഞ്ചില്‍ വെച്ചാണ് നീരവ് മോദിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലേക്ക് നയിച്ചത് ബാങ്ക് ക്ലര്‍ക്കിന്റെ ഇടപെടലും. 

ഇവിടെ പുതിയ ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ എത്തിയതായിരുന്നു നീരവ് മോദി. ബാങ്കിലേക്ക് എത്തിയ നീരവ് മോദിയെ തിരിച്ചറിഞ്ഞ ബാങ്ക് ക്ലര്‍ക്ക് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെ വിവരം അറിയിച്ചു. വായ്പ തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട് എത്തിയ നീരവ് മോദിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലണ്ടനില്‍ വലിയ തോതില്‍ പ്രചരിച്ചതാണ് ഇദ്ദേഹത്തെ തിരിച്ചറിയുവാന്‍ ബാങ്ക് ക്ലര്‍ക്കിനെ സഹായിച്ചത്. 

നീരവ് മോദിയുടെ അഭിഭാഷകരും, സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡും തമ്മില്‍ സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി നീരവ് മോദിക്ക് കീഴടങ്ങാന്‍ അവസരം നല്‍കുന്ന വിധത്തില്‍ ധാരണയിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബാങ്ക് ക്ലര്‍ക്കിന്റെ ഇടപെടല്‍ നീരവ് മോദിയുടെ അറസ്റ്റ് നേരത്തെയാക്കി.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ഡയമണ്ട് ഹോള്‍്ഡിങ് ലിമിറ്റഡില്‍ ജോലി ചെയ്ത് വരികയായിരുന്നു നീരവ് മോദിയെന്നാണ് അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇന്ത്യയില്‍ നിന്നും തട്ടിപ്പ് നടത്തി ലണ്ടനിലേക്കെത്തിയ നീരവ് മോദി ഇവിടെ ആഡംബര ജീവിതമാണ് നയിക്കുന്നത് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ലണ്ടന്‍ ഡെയ്‌ലി പുറത്തുവിട്ടിരുന്നു. 

അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മാര്‍ച്ച് 29 വരെ നീരവ് മോദി ജയിലില്‍ തുടരും. 2018ല്‍, വായ്പ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നതിന് മുന്‍പ് തന്നെ നീരവ് മോദി ഇന്ത്യ വിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബര ജ്വല്ലറി ഷോറുമുകള്‍ ആരംഭിച്ച നീരവ് മോദിയുടെ ഡിസൈനുകള്‍ ധരിച്ചവരില്‍ ഹോളിവുഡ് താരം കേറ്റ് വിന്‍സ്ലെറ്റ് മുതല്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വരെയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com