അഡ്വാനിയുടെ രഥം പിന്നാമ്പുറത്തേക്ക്; ഓര്‍മകള്‍ ഉണര്‍ത്തി ആ ചിത്രം

പ്രായാധിക്യമെന്ന കാരണം ചൂണ്ടിക്കാട്ടി 91 കാരനായ ലാല്‍കൃഷ്ണ അഡ്വാനിയെന്ന ഒരുകാലത്തെ ഉരുക്ക് മനുഷ്യനെ ബിജെപി ഉപേക്ഷിക്കുകയാണ് എന്ന് തന്നെ പറയേണ്ടി വരും.
അഡ്വാനിയുടെ രഥം പിന്നാമ്പുറത്തേക്ക്; ഓര്‍മകള്‍ ഉണര്‍ത്തി ആ ചിത്രം

1990 ലെ രഥയാത്ര അയോധ്യയില്‍ അവസാനിച്ചെങ്കിലും ലാല്‍കൃഷ്ണ അഡ്വാനിയുടെ യാത്രകള്‍ ദേശീയരാഷ്ട്രീയത്തില്‍ ചടുലമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഹിന്ദുരാഷ്ട്രീയം പറയുന്ന പാര്‍ട്ടിയില്‍ നിന്ന് ബിജെപി , അധികാരത്തിന്റെ രുചിയറിഞ്ഞതും ഭൂരിപക്ഷമായി മാറിയതും രാജ്യമാകെ പടര്‍ന്നതിനും പിന്നില്‍ അഡ്വാനിയെന്ന തികഞ്ഞ രാഷ്ട്രീയക്കാരന്‍ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നുവെന്നത് ചരിത്രം. പഴങ്കഥകള്‍ക്ക് അല്ലെങ്കിലും
രാഷ്ട്രീയത്തില്‍ എന്ത് സ്ഥാ

നമാണ് ഉള്ളത്? അനിവാര്യമായ പിന്‍മടക്കമാണ് അഡ്വാനിക്ക് മുന്നിലുള്ളത്.

ചിത്രം നോക്കൂ, 1991 ലെ തെരഞ്ഞെടുപ്പില്‍ അഡ്വാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വലത് വശത്തുള്ളത് ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയും വലത്തേ കൈ കുത്തി മുന്നിലേക്കാഞ്ഞ് പത്രികയിലേക്ക് നോട്ടമെത്തിക്കുന്നത് ബിജെപിയുടെ ചാണക്യതന്ത്രം മെനയുന്ന അമിത്ഷായുമാണ്. അതേ മോദിയും അതേ അമിത്ഷായും സീറ്റ് നിഷേധിക്കുമ്പോള്‍ ഇങ്ങനെയൊരു ചരിത്രമുണ്ടായിരുന്നുവെന്ന് മറ്റേത് ചിത്രം പറയും?

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഡ്വാനിയില്ലാത്ത പോരാട്ടത്തിനാണ് ബിജെപി ഇക്കുറി ഇറങ്ങുന്നത്. വിജയ സാധ്യത നൂറ് ശതമാനവുമുള്ള  സീറ്റില്‍ നിന്ന് പകരക്കാരനായി എത്തുന്നത് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് എന്നതാണ് ശ്രദ്ധേയം . പ്രായാധിക്യമെന്ന കാരണം ചൂണ്ടിക്കാട്ടി 91 കാരനായ  അഡ്വാനിയെ ബിജെപി ഉപേക്ഷിക്കുകയാണ് എന്ന് തന്നെ പറയേണ്ടി വരും. നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ കയ്യും മെയ്യും മറന്ന് ബിജെപിക്കായി ഇറങ്ങിയ മഹാമേരുവാണ് സീറ്റ്‌ നിഷേധിക്കപ്പെട്ടിട്ടും ഒരു വാക്കുപോലും ഉരിയാടാതെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി അപ്പുറത്തിരിക്കുന്നത്.

ഗാന്ധി നഗറിലെ സീറ്റില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ചുറച്ച് എത്തുന്ന അമിത് ഷാ മുന്നോട്ട് വയ്ക്കുന്നത് കൃത്യമായ ചില സന്ദേശങ്ങളാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍, കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സര്‍ക്കാരിന്റെ സുപ്രധാന പദവി അലങ്കരിക്കുക രണ്ടാമനായ അമിത് ഷാ തന്നെയാകുമെന്നതില്‍ തര്‍ക്കമില്ല. പുറത്ത് നിന്നുള്ള തന്ത്രങ്ങള്‍ മതിയാക്കി നേരിട്ടുള്ള ഇടപെടലിലേക്കാണ് അമിത് ഷാ നീങ്ങുന്നതെന്ന് വ്യക്തം. മോദി- അമിത് ഷാ സഖ്യത്തിന് പ്രിയങ്കരനായിരുന്നില്ലെന്ന കാരണം തന്നെയാണ് അഡ്വാനിയെ മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നത് അങ്ങാടിപ്പാട്ടാണ്. 

രഥയാത്രയിലൂടെ ദേശീയരാഷ്ട്രീയത്തില്‍ സ്വന്തം ഇരിപ്പിടം ഉറപ്പിച്ചിരുന്നു അഡ്വാനി. ഉറ്റ സുഹൃത്തായ വാജ്‌പേയിയുടെ ഭരണകാലത്ത് ഉപപ്രധാനമന്ത്രിയായും ,ആഭ്യന്തര മന്ത്രിയായും തിളങ്ങി. ആര്‍എസ്എസിന്റെ അനിഷേധ്യ നേതാവായിരുന്ന അദ്ദേഹമായിരുന്നു രാമജന്‍മഭൂമിയെ ബിജെപിയെന്ന പാര്‍ട്ടിക്ക് വേണ്ടി എക്കാലവും സജീവമാക്കിയവരില്‍ പ്രമുഖന്‍.

2009 ല്‍ പ്രധാനമന്ത്രി സ്ഥാനാത്ഥിയായി സ്വയം ഉയര്‍ത്തിക്കാട്ടിയതോടെയാണ് അഡ്വാനിയുടെ ശനിദിശ ആരംഭിക്കുന്നത്. ആ തെരഞ്ഞെടുപ്പില്‍ വീണ്ടും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. കറാച്ചിയിലെ ജന്‍മനാട്ടിലെത്തിയ അഡ്വാനി ജിന്നയൊരു മതേതരവാദിയിയിരുന്നുവെന്നും ഹിന്ദു - മുസ്ലിം ഐക്യത്തിനായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു എന്നും പറഞ്ഞതോടെ കാര്യങ്ങള്‍ വീണ്ടും കലങ്ങി മറിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടായി. പാക് മണ്ണില്‍ പോയി വിഭജനത്തിന് കാരണക്കാരനായ മനുഷ്യനെ പ്രശംസിച്ചത് ബിജെപിയിലെ സ്ഥാനത്തിന് സാരമായ ക്ഷതമുണ്ടാക്കി.  2013 ആയപ്പോഴേക്കും നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്‍ നേതാവായി നിയമിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും രാജിവച്ചു. രാജി പിന്നീട് പിന്‍വലിച്ചെങ്കിലും കാര്യങ്ങള്‍ ഒരിക്കലും പഴയത് പോലെ ആയില്ല.

ലോക്‌സഭയില്‍ എത്തിയെങ്കിലും ഒരു വാക്കു പോലും മിണ്ടാതെ പഴയ അഡ്വാനിയുടെ നിഴലായി അദ്ദേഹം മാറി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഡ്വാനിയുഗം അവസാനിക്കുകയാണ്. ശിഷ്ടകാലം സ്വസ്ഥമായും സ്വതന്ത്രമായും കഴിയാന്‍ ബിജെപി അദ്ദേഹത്തെ അനുവദിച്ചിരിക്കുന്നുവെന്നാണ് ഇന്നലെ പുറത്തിറങ്ങിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വ്യക്തമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com