ഇസ്ലാമിക രാജ്യങ്ങള്‍ പോലും അത് പറയില്ല, സാം പിട്രോഡയ്ക്ക് പാകിസ്ഥാന്റെ മനസ്; ദൗര്‍ഭാഗ്യകരമെന്ന് അരുണ്‍ ജെയ്റ്റലി 

ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ അനുകൂലിച്ച് സാം പിട്രോഡ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി
ഇസ്ലാമിക രാജ്യങ്ങള്‍ പോലും അത് പറയില്ല, സാം പിട്രോഡയ്ക്ക് പാകിസ്ഥാന്റെ മനസ്; ദൗര്‍ഭാഗ്യകരമെന്ന് അരുണ്‍ ജെയ്റ്റലി 

ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ അനുകൂലിച്ച്
കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ നടത്തിയ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി. 'ഞങ്ങള്‍ ചെയ്തത് തെറ്റാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ലോകത്തെ ഒരു രാജ്യവും ഇത്തരത്തില്‍ പറയില്ല. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ പോലും ഇത്തരത്തില്‍ പ്രതികരിക്കില്ല. പാകിസ്ഥാന് മാത്രമായിരിക്കും ഇത്തരത്തിലുളള കാഴ്ചപ്പാടുണ്ടാകുക. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുനില്‍ക്കുന്നവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ദൗര്‍ഭാഗ്യകരം'- അരുണ്‍ ജെയ്റ്റലി വിമര്‍ശിച്ചു.

ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ അനുകൂലിച്ച് പിട്രോഡ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ എട്ടു തീവ്രവാദികളായിരുന്നു. അതിന്റെ പേരില്‍ പാകിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തേണ്ടതുണ്ടോ എന്ന സാം പിട്രോഡയുടെ ചോദ്യമാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നത്. 

കുറച്ചുപേര്‍ ആക്രമണം നടത്തിയതിന് ആ രാജ്യത്തെ ഓരോ പൗരനെയും കുറ്റപ്പെടുത്തേണ്ടതുണ്ടോ?. ആ രീതിയോട് എനിക്ക് യോജിക്കാനാകില്ലെന്ന് സാം പിട്രോഡ പറഞ്ഞു. സാം പിട്രോഡയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തുവന്നിരുന്നു. ഭീകരര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് സമ്മതിക്കുന്നതിന് തുല്യമാണ് സാം പിട്രോഡയുടെ പ്രസ്താവനയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

എട്ടുപേര്‍ വന്നു ചിലത് ചെയ്തു എന്ന് മുംബൈ ഭീകരാക്രമണത്തെ ഉദ്ദേശിച്ച് സാം പിട്രോഡ പറഞ്ഞു. അതിന്റെ പേരില്‍ പാകിസ്ഥാനെ ആക്രമിക്കേണ്ടതില്ല. കുറച്ചുപേര്‍ വന്ന് ആക്രമണം നടത്തിയതിന് ആ രാജ്യത്തെ എല്ലാ പൗരന്മാരെയും കുറ്റപ്പെടുത്തേണ്ടതില്ല എന്ന് സാം പിട്രോഡ പറഞ്ഞു. ആ രീതിയോട് തനിക്ക് യോജിപ്പില്ലെന്നും സാം പിട്രോഡ പറഞ്ഞു. 

ഭീകരര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെ സ്തുതിക്കുന്നവര്‍ സമ്മതിച്ചതിന് തുല്യമാണിതെന്ന്് മോദി ട്വിറ്ററില്‍ കുറിച്ചു.  രാജ്യത്തിന്റെ സൈന്യത്തെ ചോദ്യം ചെയ്യുന്ന നിലപാട് പ്രതിപക്ഷം പതിവായി തുടരുകയാണ്. അതേസമയം തീവ്രവാദികളെ അനുകൂലിക്കുന്ന നിലപാട് ഇവര്‍ തുടരുകയും ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നിലപാടിനെ ചോദ്യം ചെയ്യണം. രാജ്യത്തെ 130 കോടി ജനങ്ങള്‍ ഇത് ക്ഷമിക്കില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികളെ ഓര്‍മ്മിപ്പിക്കണമെന്നും മോദി പറഞ്ഞു. 

ബാലാക്കോട്ടിലെ ഭീകരതാവളം ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്  പറയുന്നതെന്നും അതിന്റെ സത്യാവസ്ഥ എല്ലാ ഇന്ത്യക്കാര്‍ക്കും അറിയേണ്ടതുണ്ടെന്നും സാം പിട്രോഡ പറഞ്ഞു. എന്താണ് യഥാര്‍ത്ഥത്തില്‍ ആക്രമിച്ചത്. 300 പേരെ യഥാര്‍ത്ഥത്തില്‍ കൊന്നുവോ എന്നും സാം പിട്രോഡ ചോദിച്ചു. ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ആഗോള മാധ്യമങ്ങള്‍ പറയുന്നത്.ഇന്ത്യന്‍ പൗരന്‍ എന്ന് പറയുന്നത് തന്നെ തനിക്ക് മോശമായി തോന്നുന്നുവെന്നും സാം പിട്രോഡ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി കരുത്തുറ്റ സര്‍ക്കാരിന്റെ പ്രതിരൂപമാണ് എന്ന ബിജെപിയുടെ ആവര്‍ത്തിച്ചുളള അവകാശവാദത്തെ സാം പിട്രോഡ ചോദ്യം ചെയ്തു. ശക്തമെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇക്കാര്യം ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്ന് സാം പിട്രോഡ പറഞ്ഞു.ഹിറ്റലറും ശക്തനായിരുന്നു. എല്ലാ ഏകാധിപതികളും ശക്തന്മാരായിരുന്നു. ചൈനീസ് നേതാവും ശക്തനാണ്. ഇന്ത്യയ്ക്ക് വേണ്ടത് അത്തരത്തിലുളള ആളുകള്‍ ആണോയെന്ന് സാം പ്രിട്രോഡ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com