ജിതിന്‍ പ്രസാദയും ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ ഞെട്ടല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ജിതിന്‍ പ്രസാദയും ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ ഞെട്ടല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുളള അഭിപ്രായഭിന്നതയാണ് കോണ്‍ഗ്രസ് വിടാന്‍ ജിതിന്‍ പ്രസാദയെ പ്രേരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഉത്തര്‍പ്രദേശിലെ ധൗരാഹ്‌റ മണ്ഡലത്തില്‍ ജിതിന്‍ പ്രസാദ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനയുണ്ട്.

രണ്ട് തവണ കോണ്‍ഗ്രസ് എംപിയായിരുന്ന ജിതിന്‍ പ്രസാദ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ സീതാപൂര്‍, ലാക്കിംപൂര്‍-ഖേരി ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജിതിന്‍ പ്രസാദയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടെ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് താനുമായി നേതൃത്വം ചര്‍ച്ച ചെയ്യാതിരുന്നതില്‍ ജിതിന്‍ പ്രസാദ അതൃപ്തനാണ്. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേരാന്‍ ജിതിന്‍ പ്രസാദ നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന പേരുകളില്‍ ജിതിന്‍ പ്രസാദയ്ക്ക് മുന്‍തൂക്കമുണ്ട്. നിലവില്‍ രാജ് ബാബ്ബറാണ് ഈ സ്ഥാനം കൈകാര്യം ചെയ്യുന്നത്. സീതാപൂര്‍, ഖേരി ലോക്‌സഭ മണ്ഡലങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ജിതിന്‍ പ്രസാദ രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ജിതിന്‍ പ്രസാദയുടെ മണ്ഡലമായ ധൗരാഹ്‌റ മണ്ഡലം ഒഴിച്ചിട്ടാണ് കഴിഞ്ഞദിവസം ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന്‍ പ്രസാദ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com