യെദ്യൂരപ്പയുടെ ഒപ്പ് ഇതാണ്; കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജം, ആരോപണം തളളി ബിജെപി 

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി കര്‍ണാടക ഘടകം.
യെദ്യൂരപ്പയുടെ ഒപ്പ് ഇതാണ്; കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജം, ആരോപണം തളളി ബിജെപി 

ബംഗലൂരു : വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി കര്‍ണാടക ഘടകം. കോഴ വാങ്ങി എന്നതിന്റെ തെളിവായി വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും ബിജെപി കര്‍ണാടക ഘടകം ആരോപിച്ചു.

ബിജെപി കേന്ദ്രനേതൃത്വത്തിന് കോഴപ്പണം കൈമാറി എന്നതിന്റെ തെളിവായി രണ്‍ദീപ് സുര്‍ജേവാല പുറത്തുവിട്ട മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകള്‍ വ്യാജമാണ്. കോണ്‍ഗ്രസിന്റെ തിരക്കഥയാണ് പുറത്തുവന്നതെന്നും കര്‍ണാടക ഘടകം ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ ഭാഗമായി യെദ്യൂരപ്പയുടെ കൈപ്പടയും കയ്യൊപ്പും ബിജെപി ട്വിറ്ററിലുടെ പുറത്തുവിട്ടു.

രണ്‍ദീപ് സുര്‍ജേവാല പുറത്തുവിട്ട ഡയറിക്കുറിപ്പുകളും താരതമ്യത്തിനായി ബിജെപി ട്വിറ്ററില്‍ കൊടുത്തിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം കോഴ വാങ്ങി എന്ന ആരോപണം ഉന്നയിച്ച് സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരുടെ സമയം വെറുതെ കളയുകയായിരുന്നുവെന്നും കര്‍ണാടക ഘടകം ആരോപിക്കുന്നു.

ബിജെപി കേന്ദ്രനേതൃത്വത്തിന് ലഭിച്ച കോഴപ്പണത്തിന്റെ വിവരം കാരവന്‍ മാഗസിനാണ് പുറത്തുവിട്ടത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ആദായ നികുതിയുടെ കസ്റ്റഡിയിലുള്ള ഡയറിയുടെ പകര്‍പ്പുകളാണ് പുറത്തുവന്നത്. വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് വേണ്ടിയാണ് ഇത്രയും രൂപ കൈക്കൂലി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിജെപി കേന്ദ്രനേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്നാണ് മാഗസിന്‍ വെളിപ്പെടുത്തിയത്. 2009 ജനുവരി 17,18 തീയതികളിലെ കുറിപ്പുകളാണ് പുറത്തുവന്നത്. എല്ലാ പേജുകളിലും യെദ്യൂരപ്പയുടെ ഒപ്പും ഉണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന് 1000 കോടി നല്‍കി. അരുണ്‍ ജെയ്റ്റ് ലിക്കും നിതിന്‍ ഗഡ്കരിക്കും 150 കോടി വീതം നല്‍കി. രാജ് നാഥ് സിംഗിന് 100 കോടിയും, അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കി. 

ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി. ജഡ്ജിമാര്‍ക്ക് 250 കോടി നല്‍കിയതായും വക്കീലന്മാര്‍ക്ക് 50 കോടി നല്‍കിയതായും ഡയറിയില്‍ സൂചിപ്പിക്കുന്നു. കര്‍ണാടക നിയമസഭയുടെ 2009 ലെ ഡയറിയിലാണ് യെദ്യൂരപ്പ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. യെദ്യൂരപ്പ സ്വന്തം കൈപ്പടയിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  നേരത്തെ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അനന്തകുമാറും യെദ്യൂരപ്പയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. 

ഹവാല ഇടപാടിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണം. ഡയറിയുടെ വിശ്വാസ്യതയില്‍ സംശയമില്ല. കാരണം ഡയറിയിലെ കുറിപ്പുകള്‍ യെദ്യൂരപ്പയുടെ സ്വന്തം കൈപ്പടയിലുള്ളതണെന്നും, ഓരോ പേജിലും യെദ്യൂരപ്പ ഒപ്പിട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com