'ഇത് ഒരുമിച്ച് നില്‍ക്കേണ്ട സമയം'; പാക്കിസ്താന്‍ ദേശീയ ദിനത്തില്‍ ഇമ്രാന്‍ ഖാന് ആശംസ സന്ദേശവുമായി മോദി

ഭീകരവാദമില്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണം എന്നാണ് മോദി സന്ദേശത്തിലൂടെ പറയുന്നത്
'ഇത് ഒരുമിച്ച് നില്‍ക്കേണ്ട സമയം'; പാക്കിസ്താന്‍ ദേശീയ ദിനത്തില്‍ ഇമ്രാന്‍ ഖാന് ആശംസ സന്ദേശവുമായി മോദി

പാക്കിസ്താന്റെ ദേശിയ ദിനത്തോട് അനുബന്ധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശംസ സന്ദേശം അയച്ച് നരേന്ദ്ര മോദി. ഇമ്രാന്‍ ഖാനാണ് മോദിയുടെ സന്ദേശം ലഭിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. ഭീകരവാദമില്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണം എന്നാണ് മോദി സന്ദേശത്തിലൂടെ പറയുന്നത്. 

ദേശിയ ദിനം ആഘോഷിക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങളെ ആശംസകള്‍ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു മേഖലയ്ക്കുവേണ്ടി ഉപഭൂഖണ്ഡത്തിലെ എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടത്' ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മോദിയുടെ ആശംസയ്ക്ക് നന്ദി പറയാനും ഇമ്രാന്‍ ഖാന്‍ മറന്നില്ല. 

പാക്ക് ജനതയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണം. ജനങ്ങള്‍ക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ശനിയാഴ്ചയാണ് പാക്കിസ്താനില്‍ ദേശിയ ദിനാഘോഷം നടക്കുന്നത്. എന്നാല്‍ ദേശീയ ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. ഹൂറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക് ഹൈക്കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com