ഒന്നര പതിറ്റാണ്ടിന് ശേഷം ദിഗ്‌വിജയ് സിങ് തെരഞ്ഞെടുപ്പ് രംഗത്തേക്ക്; ഭോപ്പാലില്‍ നിന്ന് മത്സരിക്കും

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഒന്നര പതിറ്റാണ്ട് മാറിനിന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് മടങ്ങിവരുന്നു
ഒന്നര പതിറ്റാണ്ടിന് ശേഷം ദിഗ്‌വിജയ് സിങ് തെരഞ്ഞെടുപ്പ് രംഗത്തേക്ക്; ഭോപ്പാലില്‍ നിന്ന് മത്സരിക്കും

ഭേപ്പാല്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഒന്നര പതിറ്റാണ്ട് മാറിനിന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് മടങ്ങിവരുന്നു. മധ്യപ്രദേശിലെ ഏറ്റവും ശക്തമായ മത്സരം നടക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന ഭോപ്പാലില്‍ നിന്നാണ് സിങ് ജനവിധി തേടാന്‍ ഒരുങ്ങുന്നത്. 1984മുതല്‍ മണ്ഡലം ബിജെപിക്കൊപ്പമാണ്. 

കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥാണ് അറിയിച്ചത്. കോണ്‍ഗ്രസ് മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

ജന്‍മനാട് കൂടിയായ രാജ്ഘറില്‍ നിന്ന് മത്സരിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്നാല്‍ കോണ്‍ഗ്രസ് കാലങ്ങളായി മത്സരിച്ച് വിജയിക്കാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമെന്ന് കമല്‍നാഥ് ദിഗ്‌വിജയ് സിങിനോട് പരസ്യമായി ആവശ്യപ്പെടുകയായിരുന്നു. ഇത് ഏറ്റെടുത്ത സിങ്, തന്റെ നേതാവ് രാഹുല്‍ ഗാന്ധി പറയുന്ന ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. 


കഴിഞ്ഞ നിയസമഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുണകരമാകും എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. 

രണ്ടുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് സിങ്, 2003ല്‍ ബിജെപിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. സിങിന് എതിരായി ബിജെപി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനെ രംഗത്തിറക്കും എന്നാണ് അഭ്യൂഹങ്ങള്‍. ബിജെപി ജനറല്‍ സെക്രട്ടറി വിടി ശര്‍മ്മയും മണ്ഡലത്തിന് വേണ്ടി രംഗത്തുണ്ട്. 29ലോക്‌സഭ മണ്ഡലങ്ങളുള്ള മധ്യപ്രപദേശില്‍ ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com