ക്രിക്കറ്റ് കളിക്കാന്‍ ടീമിലെടുത്തില്ല; അടിപിടിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് പരിക്ക്, കേസെടുത്തു

കല്ലേറില്‍ വീടുകളുടെ ജനാലകള്‍  തകര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. അക്രമത്തിന്റെ വിഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു
ക്രിക്കറ്റ് കളിക്കാന്‍ ടീമിലെടുത്തില്ല; അടിപിടിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് പരിക്ക്, കേസെടുത്തു

ഗുരുഗ്രാം: ക്രിക്കറ്റ് കളിക്കാന്‍ ടീമില്‍ ചേര്‍ക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഒരു കുടുംബത്തിലെ 11 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുഗ്രാം ജില്ലയിലെ ഭൂപ് നഗറിലാണ് ഹോളി ആഘോഷങ്ങള്‍ക്കിടെ അടിപിടിയുണ്ടായത്. 

വീടിന് സമീപം ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന ഒരു കുടുംബത്തിലെ കുട്ടികളടങ്ങുന്ന സംഘത്തോട് ബൈക്കിലെത്തിയ രണ്ട് പേര്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ടീം അംഗങ്ങള്‍ ഇത് നിരസിച്ചതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ബൈക്കിലെത്തിയവര്‍ ഇതേത്തുടര്‍ന്ന് മറ്റുള്ളവരുടെ കളി തടസപ്പെടുത്തി. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ബൈക്കില്‍ വന്നവരില്‍ ഒരാള്‍ക്ക് സാരമായ പരിക്കേറ്റു. 15 സ്റ്റിച്ചുകളാണ് ഇയാള്‍ക്കുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റയുടന്‍ ഇവര്‍ മറ്റ് സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും അക്രമം അഴിച്ച് വിടുകയുമായിരുന്നു. 

കല്ലും വടിയുമായി ആക്രമിക്കാന്‍ വന്ന യുവാക്കളെ സ്ത്രീകളാണ് വീടുകളുടെ ഗേറ്റില്‍ തടഞ്ഞത്. കല്ലേറില്‍ വീടുകളുടെ ജനാലകള്‍ തകര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. അക്രമത്തിന്റെ വിഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ഹിന്ദു- മുസ്ലിം സംഘട്ടനമെന്ന പേരില്‍ ചിലര്‍ ഈ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും എന്നാല്‍ അതില്‍ വാസ്തവം ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപം ഉണ്ടാക്കല്‍, മാരകായുധങ്ങള്‍ പ്രയോഗിക്കല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍, കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കല്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com